കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികളുടെ ആഘോഷ പരിപാടികൾക്ക് കർശന നിയന്ത്രണങ്ങൾ എർപ്പെടുത്തിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.ഇത്തരം പ്രവൃത്തികൾ ചെയ്യന്നവർക്ക് അറസ്റ്റും നാടുകടത്തലും ഉൾപ്പെടെ നടപടികൾ സ്വീകരിക്കമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.
പൊതു ക്രമസമാധാനം തടസ്സപ്പെടുത്തൽ, ഗതാഗതക്കുരുക്കിന് ഇടയാക്കൽ എന്നിവക്ക് കാരണമാകുന്ന ആഘോഷ മാർച്ചുകളിൽ പങ്കെടുക്കുന്ന പ്രവാസികൾക്കെതിരെ അറസ്റ്റും നാടുകടത്തലും ഉൾപ്പെടെ നടപടികൾ സ്വീകരിക്കും.
ഇക്കാര്യത്തിൽ പൊലീസിന് കർശന നിർദേശവും നൽകിയിട്ടുണ്ട്. നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പൊതുക്രമം നിലനിർത്തൽ ലക്ഷ്യമിട്ടും സുരക്ഷ, ഗതാഗതക്കുരുക്ക്, പൊതുമര്യാദ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
പൊതുക്രമം പാലിക്കാനും സമൂഹത്തിന്റെ സുരക്ഷ നിലനിർത്താൻ സുരക്ഷാ സേവനങ്ങളുമായി സഹകരിക്കാനും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു. രാജ്യത്ത് ആഘോഷങ്ങളും പരിപാടികളും നടത്തുന്നതിനുള്ള നിബന്ധന അടുത്തിടെ കർശനമാക്കിയിരുന്നു. ഔദ്യോഗിക അംഗീകാരമില്ലാത്ത പരിപാടികൾക്കെതിരെ നിലവിൽ അധികൃതർ നടപടികൾ സ്വീകരിച്ചുവരുന്നുമുണ്ട്.