ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിനു പകരം, അവര്‍ക്കായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. വലിയ തോതില്‍ റേഷന്‍ നല്‍കുന്ന രീതി തുടരുകയാണെങ്കില്‍, ജനങ്ങളെ പ്രീണിപ്പിക്കുക ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരുകള്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കാരണം ഭക്ഷ്യധാന്യങ്ങള്‍ നല്‍കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനാണ് എന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അറിയാം. എന്നാല്‍ സംസ്ഥാനങ്ങളോട് സൗജന്യ റേഷന്‍ നല്‍കാന്‍ ആവശ്യപ്പെട്ടാല്‍, അവരില്‍ പലരും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി തങ്ങള്‍ക്ക് കഴിയില്ലെന്ന് പറയുകയാകും ചെയ്യുക. അതുകൊണ്ടു തന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 പ്രകാരം 80 കോടി പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷനായി ഗോതമ്പും അരിയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. അതേസമയം, ഏതാണ്ട് രണ്ടു മുതല്‍ മൂന്നു കോടി വരെ ആളുകള്‍ ഇപ്പോഴും പദ്ധതിക്ക് പുറത്താണെന്ന് ഹര്‍ജിക്കാരനായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. കുടിയേറ്റ തൊഴിലാളികള്‍ക്ക് എന്‍എഫ്എസ്എയ്ക്ക് കീഴില്‍ റേഷന്‍ കാര്‍ഡുകളും ഭക്ഷ്യധാന്യങ്ങളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കേസില്‍ വാദം കേള്‍ക്കുന്നതിനായി 2025 ജനുവരി എട്ടിലേക്ക് മാറ്റി.