ഉള്ളിയേരി: ബാലുശ്ശേരി- ഉള്ളിയേരി സംസ്ഥാന പാതയിൽ പൊയിൽതാഴത്ത് കാറിടിച്ച് ഉള്ളിയേരി സിൻകോ ക്ലിനിക്കിലെ ജീവനക്കാരിക്ക് പരിക്ക്. ഉള്ളിയേരി കണ്ണച്ചകണ്ടി മീത്തൽ ലതയ്ക്കാണ് (50) പരിക്കേറ്റത്. ഇവരെ മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിച്ചു. ഒരു കാലിന് തന്നെ രണ്ട് സ്ഥലത്ത് പൊട്ടും, തലയിൽ ആഴത്തിലുള്ള മുറിവും ഉണ്ട്.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. അമിത വേഗതയിൽ ഉള്ളിയേരി ഭാഗത്ത് നിന്നും ബാലുശ്ശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. ഇവരെ ഇടിച്ച ശേഷം കാർ നിയന്ത്രണം വിട്ട് സമീപത്തെ ടെലിഫോൺ പോസ്റ്റിലും ഇടിച്ചു. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഹൈവെ പോലീസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
രണ്ടു മാസം മുൻപാണ് ഇവിടെ മിനി ഗുഡ്‌സ് ലോറിയിൽ ബൈക്ക് ഇടിച്ച് അയ്യപ്പൻ കണ്ടി അരവിന്ദന്റെ മകൻ ആദർശ് മരിച്ചത്. സ്ഥിരം അപകടമേഖലയായ 500 മീറ്റർ പരിധിക്കുള്ളിൽ സ്‌പീഡ് ബ്രെയ്ക്കർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.