കോഴിക്കോട് :വെള്ളയിൽ ബീച്ചിനു സമീപത്തെ റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച ആൽവിൻ (20) ഗൾഫിൽനിന്നെത്തിയത് രണ്ടാഴ്ച മുൻപ്.കമ്പനികൾക്കു വേണ്ടി പ്രമോഷൻ വിഡിയോ ചെയ്യുന്ന ജോലിയാണ് ആൽവിൻ നാട്ടിൽ ചെയ്തിരുന്നത്. വിഡിയോയുമായി ബന്ധപ്പെട്ട ജോലിയായിരുന്നു ഗൾഫിലും.
രണ്ടു വർഷം മുൻപ് ആൽവിന് വൃക്കരോഗത്തിനു ശസ്ത്രക്രിയ ചെയ്തിരുന്നു. ആറു മാസം കൂടുമ്പോൾ പരിശോധന നടത്തണം. അതിനായാണ് നാട്ടിൽ എത്തിയത്അതിനിടെയാണ് വാഹന കമ്പനിക്കു വേണ്ടി ആഡംബര കാറുകളുടെ വിഡിയോ എടുക്കാൻ ഇന്നു രാവിലെ വെള്ളയിൽ എത്തിയത്.
റോഡിനു നടുവിൽ നിന്ന്, രണ്ടു വാഹനങ്ങൾ കടന്നുപോകുന്നതിന്റെ റീലാണ് ചിത്രീകരിച്ചതെന്നാണ് വിവരം. യുവാവിനെ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
വെള്ളയിൽ പോലിസ് സ്റ്റേഷന് സമീപം നടന്ന അപകടത്തിന്റെ ദൃശ്യം പോലിസിന് ലഭിച്ചു.
ആ വാഹനത്തിൽത്തന്നെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പതിനൊന്നരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.999 ഓട്ടമേറ്റീവ് എന്ന കമ്പനിക്കുവേണ്ടി പുതിയ കാറുകളുടെ റീലാണ് എടുത്തത്. കമ്പനിയുടെ ആളുകൾ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. രണ്ടു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
പോസ്റ്റ്മോർട്ടം നടപടികൾ നാളെ നടക്കും. ശേഷം മൃതദേഹം കുടുംബത്തിന് വിട്ട് നൽകും.
വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിൽ സ്ഥിരമായി വാഹനങ്ങളുടെ റീൽ ചിത്രീകരിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ബൈക്ക് ഉൾപ്പെടെ മുൻപം അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.