താമരശ്ശേരി : ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം താമരശ്ശേരി ചുരംപാതയിൽ കടുവയിറങ്ങിയ മേഖലയിൽ വനംവകുപ്പ് ദ്രുതകർമസേന നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു. 2023 ഡിസംബർ ഏഴിന് പുലർച്ചെ കുഞ്ഞുങ്ങളുമായെത്തിയ പെൺകടുവ റോഡ് മുറിച്ചുകടന്ന ഒൻപതാംവളവിലെ കലുങ്കിന് സമീപത്തെ വനഭാഗത്തും തകരപ്പാടിക്ക് സമീപം കഴിഞ്ഞദിവസം കടുവയെ കണ്ട റോഡരികിലുമായാണ് രണ്ട് നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്. രാത്രി ആർ.ആർ.ടി.യുടെ നേതൃത്വത്തിൽ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തു. വനംവകുപ്പ് ആർ.ആർ.ടി. റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഷാജീവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സത്യൻ, ആർ.ആർ.ടി. എസ്.എഫ്.ഒ. ഇ. പ്രജീഷ്, ഗ്രേഡ് എസ്.എഫ്.ഒ. മോഹനൻ പൂവൻ, ബി.എഫ്.ഒ. കെ.കെ. അജുൻ, സതീഷ് കുമാർ, അൻഷിത എന്നിവരടങ്ങിയ സംഘമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രദേശത്ത് പരിശോധന നടത്തി നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്.
ചുരത്തിൽ ശനി, തിങ്കൾ ദിവസങ്ങളിൽ രാത്രി യാത്രക്കാർ കണ്ടത് കടുവയെത്തന്നെയെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. വനത്തിനുള്ളിലൂടെ കടന്നുപോവുന്ന റോഡിൽ പാലിക്കേണ്ട സ്വാഭാവികജാഗ്രത വനമേഖലയുടെ ഭാഗമായ ചുരംപാതയിലൂടെയുള്ള യാത്രയിലും പുലർത്തണം. ഇണചേരൽ സമയമായ നവംബർ-ജനുവരി കാലയളവിൽ മലബാർ വന്യജീവിസങ്കേതത്തിന്റെ ഭാഗമായ വനപ്രദേശത്തുകൂടി പതിവ് സഞ്ചാരപാതയിലൂടെയുള്ള യാത്രയ്ക്കിടെയാവാം കടുവകൾ ചുരത്തിലെത്തിയതെന്ന് വനംവകുപ്പ് ദ്രുതകർമസേന ആർ.എഫ്.ഒ. കെ. ഷാജീവ് അറിയിച്ചു.
അതേസമയം എത്ര കടുവകൾ ചുരംപാത വഴി കടന്നുപോയെന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്. മഴയുള്ള കാലാവസ്ഥയും, ഇലകൾ നിറഞ്ഞ വനമേഖലയിലെ പ്രതലവും കാരണം കാൽപ്പാടുകൾ വ്യക്തമായി നിർണയിക്കാനാവാത്ത സാഹചര്യമുണ്ട്. ശനിയാഴ്ചയും തിങ്കളാഴ്ചയും രാത്രി ചുരത്തിൽ കണ്ടത് പൂർണവളർച്ചയെത്തിയ കടുവകളെയാണെന്നാണ് യാത്രക്കാർ പറയുന്നത്. അതിനാൽത്തന്നെ അവ, കഴിഞ്ഞവർഷം ഡിസംബറിൽ ചുരംപാത മുറിച്ചുകടക്കുകയും പിന്നീട് വയനാട് ചുണ്ടേൽ ആനപ്പാറ ഭാഗത്ത് ഉൾപ്പെടെ ജനവാസമേഖലയിൽ ആശങ്കവിതയ്ക്കുകയും ചെയ്ത പെൺകടുവയും കുഞ്ഞുങ്ങളുമാവാനുള്ള സാധ്യത കുറവാണെന്നാണ് വനംവകുപ്പ് അധികൃതരുടെ പക്ഷം. കർണാടകയിൽനിന്നെത്തിച്ച് വലിയ കൂട് സ്ഥാപിച്ചെങ്കിലും ഈ കടുവകളെ പിടികൂടാനായിരുന്നില്ല. ഒന്നുകിൽ ഏതെങ്കിലുമൊരു കടുവതന്നെ ചുരംപാത മുറിച്ചുകടന്ന് രണ്ടുദിവസങ്ങൾക്കുള്ളിൽ തിരികെമടങ്ങിയതോ, അതല്ലെങ്കിൽ രണ്ട് കടുവകൾ ചുരംപാതയിലൂടെ കടന്നുപോയതോ ആവാമെന്നാണ് പ്രാഥമികനിഗമനം. ക്യാമറകൾ പരിശോധിച്ച് നിരീക്ഷണം തുടരാനും കടുവയിറങ്ങാൻ സാധ്യതയുള്ള ദേശീയപാതയുടെ ഭാഗത്ത് രാത്രി പട്രോളിങ് നടത്താനുമാണ് വനംവകുപ്പിന്റെ തീരുമാനം.
ഇക്കഴിഞ്ഞ ഏഴാം തീയതി വിനോദയാത്ര കഴിഞ്ഞ് കാറിൽ മടങ്ങുകയായിരുന്ന അടിവാരം സ്വദേശികൾ അന്ന് രാത്രി പത്തുമണിയോടെയാണ് എട്ടാംവളവിന് മുകളിൽ വനഭാഗത്തുനിന്ന് ഇറങ്ങിയ കടുവ ദേശീയപാത മുറിച്ചുകടക്കുന്നത് കണ്ടത്. തിങ്കളാഴ്ച രാത്രി 7.10-ന് എട്ടാംവളവിന് മുകളിലുള്ള വനമേഖലയിൽനിന്ന് സാമാന്യം വലുപ്പമുള്ള കടുവ ദേശീയപാതയിലേക്ക് എടുത്തുചാടുകയും വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിന്റെ വെട്ടംകണ്ട് തിരിച്ചുകയറുകയും ചെയ്തിരുന്നു.