മലപ്പുറം: മലപ്പുറം വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നയാൾ മരിച്ചു. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. അപകടമുണ്ടാകുമ്പോള്‍ പത്ത് വയസ്സുകാരനായ മകനും പരുക്കേറ്റിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ എളക്കൂർ നിരന്നപരമ്പിൽ വെച്ചായിരുന്നു അപകടം. നൗഷാദിനെ ആദ്യം മഞ്ചേരി മെഡിക്കൽ കോളേജിലും, തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഐ എൻ ടി യു സി വണ്ടൂർ മണ്ഡലം പ്രസിഡൻ്റ്, മലപ്പുറം ജില്ല വെട്രൻസ് സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി, വണ്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിക്കുന്ന ആളായിരുന്നു നൗഷാദ്. ഖബറടക്കം നാളെ നടക്കും.