വഡോദര: വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമിനെതിരെ ഒന്നാം ഏകദിനത്തില്‍ മിന്നും ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം. 211 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തു. ജയം തേടിയിറങ്ങിയ വിന്‍ഡീസ് 26.2 ഓവറില്‍ വെറും 103 റണ്‍സിനു പുറത്തായി.
10 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തിയ രേണുക സിങിന്റെ മികച്ച ബൗളിങാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഏകദിനത്തിലെ താരത്തിന്റെ കന്നി 5 വിക്കറ്റ് നേട്ടമാണിത്. ഏകദിനത്തിലെ താരത്തിന്റെ മികച്ച ബൗളിങ് ഫിഗറും ഇതു തന്നെ. പ്രിയ മിശ്ര രണ്ട് വിക്കറ്റുകളും ടിറ്റസ് സാധു, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
24 റണ്‍സെടുത്തു പുറത്താകാതെ നിന്ന അഫി ഫ്‌ളെച്ചറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 21റണ്‍സെടുത്ത ഷെമയ്ന്‍ കാംബെലാണ് പിടിച്ചു നിന്ന മറ്റൊരാള്‍. അലിയ അല്ലെയ്ന്‍ (13), കരിഷ്മ രാംഹരാക് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ടോസ് നേടി വിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ആദ്യ ആറ് മുന്‍നിര താരങ്ങള്‍ മികച്ച ബാറ്റിങുമായി കളം വാണു. 91 റണ്‍സെടുത്ത സ്മൃതി മന്ധാനയാണ് ടോപ് സ്‌കോറര്‍. താരം 102 പന്തില്‍ 13 ഫോറുകള്‍ സഹിതമാണ് ഇന്നിങ്‌സ്. 9 റണ്‍സില്‍ താരത്തിനു അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായതു മാത്രമാണ് ഇന്ത്യയെ നിരാശപ്പെടുത്തിയത്.ഒടുവില്‍ ഓപ്പണിങില്‍ ഒരു സെഞ്ച്വറി കൂട്ടുകെട്ട് പിറന്നു, 6 വര്‍ഷത്തിന് ശേഷം!