ബാലുശ്ശേരി: സ്‌കൂള്‍ വിദ്യാഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒളിവിലായിരുന്ന അധ്യാപകന്‍ 150 ദിവസത്തിന് ശേഷം മുന്‍കൂര്‍ ജാമ്യം നേടി പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി. കോഴിക്കോട് ചീക്കിലോട് സ്വദേശിയും കക്കോടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ കാമൂര്‍ ബിജു (ബിജു ചീക്കിലോട്) ആണ് കുറ്റാരോപിതന്‍. മുൻകൂർ ജാമ്യം നേടിയ പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു.
2023 മെയ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ വിദ്യാഥിനിയെ സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാറില്‍വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ആല്‍ബം, നാടക നടന്‍ കൂടിയായ ബിജുവിനെതിരേ ഇതിനു മുന്‍പും പരാതികള്‍ ഉയര്‍ന്നതായാണ് ലഭിക്കുന്ന വിവരം. പരാതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ആക്ഷേപമുയര്‍ന്നിരുന്നു. അതിനിടയിലാണ് 150 ദിവസത്തിന് ശേഷം മുന്‍കൂര്‍ ജാമ്യം നേടി പ്രതി പൊലീസ് സ്‌റ്റേഷനില്‍ ഹാജരായത്