ഇടുക്കി: കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയരായ മൂന്നുപേരെ സസ്പെൻഡ് ചെയ്തു.
സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ, ജൂനിയർ ക്ലർക്ക് ബിനോയ് എന്നിവർക്കെതിരെയാണ് നടപടി. റൂറൽ ഡെവലപ്മെൻറ് കോ- ഒപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയുടെ ബോർഡ് മീറ്റിങ്ങിൽ ആണ് തീരുമാനം.
സി.പി.എം ഭരിക്കുന്ന ബാങ്കിൽ, ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യത്തിനെത്തിയ സാബുവിന് തുക നൽകാൻ അധികൃതർ തയ്യാറായില്ല. ഇതാണ് ആത്മഹത്യയ്ക്കു പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സാബുവിനെ മുൻ ബാങ്ക് പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. മുൻ ബാങ്ക്പ്രസിഡന്റും, സി.പി.എം കട്ടപ്പന മുൻ ഏരിയ സെക്രട്ടറിയും കൂടിയായ വി.ആർ സജിയുമായുള്ള സംഭാഷണമാണ് പുറത്ത് വന്നത്.
12 ലക്ഷം രൂപ മാത്രമാണ് സാബുവിന് നൽകാനുള്ളതെന്നായിരുന്നു സൊസൈറ്റി നൽകിയ വിശദീകരണം. സാബുവും ഭാര്യ മേരിക്കുട്ടിയും 2012 മുതൽ സംഘത്തിൽ ഇടപാടുകൾ നടത്തിവന്നവരാണ്. 2020 വരെയുള്ള കാലയളവിൽ പലതവണയായി 63 ലക്ഷം രൂപ നിക്ഷേപിച്ചു. 2020 ജൂണിൽ മുഴുവൻ തുകയും പിൻവലിച്ചു. പിന്നീടുള്ള മാസങ്ങളിൽ പലതവണയായി 90 ലക്ഷം രൂപ സംഘത്തിൽ നിക്ഷേപിച്ചിരുന്നു. 2023 ഒക്ടോബറിൽ 35 ലക്ഷം രൂപ പിൻവലിച്ചു. തുടർന്നുള്ള മാസങ്ങളിൽ പലപ്രാവശ്യമായി 10 ലക്ഷം, 5 ലക്ഷം, 3ലക്ഷം, 1.5 ലക്ഷം എന്നീ തുകകളും പിൻവലിച്ചെന്നാണ് സൊസൈറ്റിയുടെ വിശദീകരണം. ബാക്കിയുള്ള 12ലക്ഷത്തോളം രൂപ ഓരോമാസവും തവണകളായി നൽകാമെന്ന് സംഘവുമായി ധാരണയുണ്ടായിരുന്നതയും ഭരണസമിതി പറയുന്നു.
കഴിഞ്ഞ 12, 16 തീയതികളിലായി 1,20,000 രൂപയും നിക്ഷേപത്തിൽനിന്ന് നൽകിയിട്ടുണ്ടെന്ന് സൊസൈറ്റി ഭരണസമിതി കുറുപ്പിൽ പറയുന്നു.എന്നാൽ ഒടുവിൽ നിക്ഷേപിച്ചത് 35 ലക്ഷം രൂപയാണെന്നും ഇതിൽ 25 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നുമാണ് സാബുവിന്റെ ബന്ധുക്കൾ പറയുന്നത്. ബാങ്ക് ജീവനക്കാരിൽ നിന്നുണ്ടായ മോശം പെരുമാറ്റം സാബുവിനെ വല്ലാതെ തളർത്തിയതായും ബന്ധുക്കൾ പറയുന്നു.