കൊച്ചി: കൊച്ചിയിലെ സ്‌പായിൽ അനാശാസ്യം നടത്തിയതിന് 12 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങിയ സംഘത്തെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കലാഭവൻ റോഡിലുള്ള സ്‌പായിൽ നിന്നുമാണ് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തത്. സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
'മോക്ഷ' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്പായുടെ മറവിൽ ലൈംഗികവ്യാപാരമാണ് നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഓൺലൈനിലൂടെയായിരുന്നു സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. ഇതിൻ്റെ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച ശേഷമാണ് റെയ്‌ഡ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീൺ ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.
അതേസമയം, കൊച്ചിയിൽ നക്ഷത്ര വേശ്യാലയം നടത്തിയ പൊലീസുകാർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. നഗരത്തിലെ രണ്ട് പൊലീസുകാരെയാണ് കടവന്ത്ര പൊലീസ് പിടികൂടിയത്. കൊച്ചി സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ രമേഷ്, പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ നവംബർ മാസത്തിൽ നഗരത്തിൽ കർഷക റോഡിലെ സ്വകാര്യ ലോഡ്‌ജിൽ പൊലീസ് റെയ്‌ഡ് സംഘടിപ്പിച്ചിരുന്നു. അനാശാസ്യ പ്രവർത്തനങ്ങളുടെ പേരിൽ കൊല്ലം സ്വദേശിനിയായ രശ്‌മി, ആലപ്പുഴ സ്വദേശി വിമൽ, ഇവരുടെ സഹായി മാർട്ടിൻ എന്നിവർ അറസ്റ്റിലാകുകയും ചെയ്തു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് പൊലീസുകാർ അറസ്റ്റിലാകുന്നത്. ഈ അനാശാസ്യ കേന്ദ്രത്തിൻ്റെ നടത്തിപ്പിനുളള സഹായം നൽകിയിരുന്നത് അറസ്റ്റിലായ പൊലീസുകാരാണെന്നാണ് പൊലീസ് ഭാഷ്യം. സാമ്പത്തിക ഇടപാടുകൾക്കുള്ള തെളിവ് ലഭിച്ചതായും പൊലീസ് പറഞ്ഞു