താമരശ്ശേരി : താമരശ്ശേരിയിൽ അടച്ചിട്ടവീടുകൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവരുന്നത് പതിവാകുന്നു. അടുത്തടുത്ത ദിവസങ്ങളിലായി താമരശ്ശേരി മഞ്ചട്ടിയിലെ രണ്ടുവീട്ടിൽനിന്ന് ഏഴേകാൽ പവൻ സ്വർണവും പണവുമാണ് മോഷ്ടാക്കൾ കവർന്നത്. ഒരുവീട്ടിൽ കവർച്ചാശ്രമവും നടന്നു. വീട്ടുകാർ ബന്ധുവീടുകളിലുംമറ്റും പോയി ദിവസങ്ങളോളം ആളില്ലാതാവുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും കവർച്ച നടക്കുന്നത്. വീട്ടുകാരില്ലാത്ത സാഹചര്യവും പരിസരവുമെല്ലാം കൃത്യമായി നിരീക്ഷിച്ച് ഉറപ്പുവരുത്തിയശേഷമാണ് സി.സി.ടി.വി.യില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചുള്ള കവർച്ചകളെല്ലാം. താമരശ്ശേരി പോലീസും ഡോഗ്‌സ്ക്വാഡും വിരലടയാള വിദഗ്ധരുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം തുടരുന്നുണ്ടെങ്കിലും കവർച്ച നടത്തിയവർ ഇപ്പോഴും കാണാമറയത്താണ്.
ക്രിസ്മസ് ദിനത്തിന് തലേന്നാണ് താമരശ്ശേരി മഞ്ചട്ടിയിലെ രണ്ടുവീട്ടിൽ നടന്ന കവർച്ചയും ഒരുവീട്ടിൽ നടന്ന കവർച്ചാശ്രമവും പുറംലോകമറിയുന്നത്. മൂന്നുദിവസത്തേക്ക് ആളില്ലായിരുന്ന ശ്രീലക്ഷ്മിയിൽ മനോജിന്റെ വീട്ടിൽനിന്ന് 3.69 ലക്ഷംരൂപ വിലവരുന്ന ആറരപ്പവൻ സ്വർണാഭരണങ്ങൾ കവർച്ചചെയ്യപ്പെട്ട വിവരം 24-ന് രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ മാത്രമാണ് വീട്ടുകാരറിയുന്നത്. വീടിന്റെ ഗ്രില്ലിന്റെ ലോക്കുപൊളിച്ച് കിടപ്പുമുറിയിലെ അലമാരയുടെ ലോക്കർ പൊളിച്ചായിരുന്നു കവർച്ച. അതേദിവസംതന്നെയായിരുന്നു മഞ്ചട്ടിയിലെ രമയുടെ വീട്ടിൽനടന്ന കവർച്ചയും പുറത്തറിഞ്ഞത്. വീടിന്റെ വാതിൽ പൊളിച്ച് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഇരുപതിനായിരംരൂപയും ആറുഗ്രാം തൂക്കംവരുന്ന സ്വർണാഭരണങ്ങളും കവരുകയായിരുന്നു. പ്രദേശവാസിയായ കേശവൻ നമ്പൂതിരിയുടെ വീട്ടിലും അതേദിവസം മോഷ്ടാക്കൾ വാതിൽ കുത്തിപ്പൊളിച്ചെങ്കിലും കാര്യമായൊന്നും നഷ്ടപ്പെട്ടില്ല.
ഈ സംഭവത്തിന് ഒരാഴ്ചമുൻപ് താമരശ്ശേരിയിലെ കെടവൂരിലും ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് ഭവനഭേദനവും കവർച്ചാശ്രമവും നടന്നിരുന്നു. കെടവൂർ പുത്തൻപുരയിൽ പീതാംബരന്റെ ‘ജ്യോതിസ്’ വീട്ടിലും, പ്രദേശവാസിയായ സാബുവിന്റെ വീട്ടിലുമാണ് കവർച്ചയ്ക്കായി മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചത്. ഗുരൂവായൂരിൽ പോയിരുന്ന പീതാംബരനും കുടുംബവും മൂന്നുദിവസംകഴിഞ്ഞ് 15-ന് തിരിച്ചെത്തിയപ്പോഴാണ് കവർച്ചാശ്രമം നടന്ന വിവരമറിയുന്നത്. വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ നാല് അലമാരകളും തുറന്ന് വസ്ത്രങ്ങളും ആഭരണപ്പെട്ടികളുമെല്ലാം വാരിവലിച്ചിട്ടു. സ്വർണവും പണവും വീട്ടിൽ സൂക്ഷിക്കാത്തതിനാൽ മോഷ്ടാക്കൾക്ക് കാര്യമായൊന്നും അപഹരിക്കാനായില്ല.
ഏതാനുംദിവസങ്ങൾക്കുമുൻപ് കോരങ്ങാട്ടെ അബ്ദുറഹ്മാൻകുട്ടിയുടെ വീട്ടിലും കവർച്ചാശ്രമം നടന്നിരുന്നു. മുൻവശത്തെ ഗ്രിൽസിന്റെ വലിയ പൂട്ടുപൊളിക്കാൻ മോഷ്ടാക്കൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് മടങ്ങുകയായിരുന്നു. ഇതേ കോരങ്ങാട് മേഖലയിൽ കഴിഞ്ഞമാസം അടച്ചിട്ടുപോയ ഒരുവീട് കുത്തിത്തുറന്ന് മോഷ്ടാക്കൾ പത്തരപ്പവൻ സ്വർണം കവർന്നിരുന്നു. മാട്ടുമ്മൽ മുഹമ്മദ് ഷാഫിയുടെ വീട്ടിൽനിന്നായിരുന്നു ആറുലക്ഷത്തോളംരൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കവർന്നത്