ഫറോക്ക് : 29 കേസുകളിലെ പ്രതി പിടിയിൽ. പൊന്നാനി പുതുമാളിയേക്കൽ വീട്ടിൽ തഫ്സീർ ദർവേഷ് (28) ആണ് അറസ്റ്റിലായത്. ഡിസംബർ 14-ന് രാമനാട്ടുകര പൂവ്വന്നൂർ പള്ളിക്ക് സമീപത്തുള്ള ഹോട്ടൽ, റെഡിമെയ്ഡ് ഷോപ്പ്, ചുങ്കത്തുള്ള ബ്യൂട്ടി പാർലർ എന്നിവിടങ്ങളിൽനിന്ന് പതിനായിരത്തോളം രൂപയും, മൊട്ടുംകുന്ന് റോഡിലുള്ള ഒരു വീട്ടിൽനിന്ന് ബൈക്കും മോഷണംപോയിരുന്നു. ഇതിന്റെ അന്വേഷണമാണ് തഫ്സീർ ദർവേഷിൽ എത്തിയത്. ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മോഷണംനടന്ന കടകൾക്കു സമീപം ഉപേക്ഷിക്കപ്പെട്ടനിലയിൽ കാണപ്പെട്ട വാഹനത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ അത് ചെറുവണ്ണൂരിൽനിന്നു മോഷണംപോയതാണെന്നും കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് പ്രതിയെ എറണാകുളം ചെറായിയിൽനിന്നു പിടികൂടിയത്. തസ്‌വിർ ദർവേഷിനെതിരേ മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ 29 കേസുകൾ നിലവിലുണ്ട്. 2021 ഓഗസ്റ്റിൽ എറണാകുളത്ത് റെയിൽവെ സ്റ്റേഷനിൽവെച്ച് ഭക്ഷണം കഴിക്കുന്ന സമയത്ത് കറി പോലീസുകാരുടെ മുഖത്തൊഴിച്ച് ഓടിരക്ഷപ്പെട്ടതിനും കേസുണ്ട്.
ഫറോക്ക് എസ്.ഐ. അനൂപ്, ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. അരുൺ കുമാർ മാത്തറ, എസ്.സി.പി.ഒ.മാരായ ഐ.ടി. വിനോദ്, മധുസൂദനൻ മണക്കടവ്, അനൂജ് വളയനാട്, സി.പി.ഒ.മാരായ സനീഷ് പന്തിരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു, ഫറോക്ക് പോലീസ് സ്റ്റേഷനിലെ ശ്യം, സനൂപ്, സൈബർ സെല്ലിലെ പ്രജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.