മുംബൈ: വിമാനത്തിനുള്ളിൽ പുകവലിച്ച മലയാളിക്കെതിരെ കേസെടുത്തു. യുഎഇയിലെ അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. 26കാരനായ കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിനെതിരെയാണ് കേസെടുത്തത്.
ഡിസംബർ 25ന് ഇൻഡിഗോയുടെ 6E-1402 വിമാനത്തിൽ അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. യാത്രക്കിടെ പുലർച്ചെ മൂന്ന് മണിയോടെ ഇയാൾ ശുചിമുറിയിലേക്ക് പോകുകയും അൽപ സമയത്തിന് ശേഷം തിരികെ വന്ന് സീറ്റിലിരിക്കുകയും ചെയ്തു. തുടർന്ന് വിമനാത്തിലെ ജീവനക്കാർക്ക് സിഗരറ്റിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടു. തുടർന്ന് ജീവനക്കാരിലൊരാൾ ശുചിമുറിയിലെത്തി നോക്കിയപ്പോൾ അവിടെ സിഗരറ്റിൻ്റെ കുറ്റി കണ്ടെത്തി. തുടർന്ന് ഇവർ മുഹമ്മദിനോട് ഇക്കാര്യം ചോദിച്ചപ്പോൾ പുകവലിച്ചതായി ഇയാൾസമ്മതിക്കുകയായിരുന്നു. വിമാനത്തിൽ പുകവലിക്കരുതെന്ന് അറിയില്ലായിരുന്നെന്നാണ് മുഹമ്മദ് പറഞ്ഞത്. ജീവനക്കാരുടെ ആവശ്യ പ്രകാരം കയ്യിലുണ്ടായിരുന്ന ആറ് പാക്കറ്റ് സിഗരറ്റും ജീവനക്കാരെ ഏൽപ്പിച്ചു.വിമാന ജീവനക്കാർ ഈ വിവരം പൈലറ്റിനെ അറിയിക്കുകയും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ സെക്യൂരിറ്റി വിഭാഗത്തിന് ഇയാളെ കൈമാറുകയുമായിരുന്നു.
ഇൻഡിഗോയിലെ മുതിർന്ന സെക്യൂരിറ്റി എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ മുഹമ്മദിനെതിരെ സഹാർ പൊലീസിൽ പരാതി നൽകി. വിമാനത്തിൽ പുകവലിച്ചതിന് എയർക്രാഫ്റ്റ് ആക്ട് സെക്ഷൻ 25 പ്രകാരവും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിന് ഭാരതീയ ന്യായ സംഹിത സെക്ഷൻ 125 പ്രകാരവും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേസെടുത്ത് നോട്ടീസ് നൽകി മുഹമ്മദിനെ വിട്ടയച്ചു. നാല് മാസം മുമ്പാണ് ഇയാൾ അബുബാദിയിലേക്ക് പോയത്.