ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ കുറ്റപത്രവുമായി കോൺഗ്രസ് രംഗത്ത്. വിഡിയോ ചിത്രീകരണം മുതല്‍ സംസ്ക്കാര ചടങ്ങുകളില്‍ വരെ മന്‍മോഹന്‍ സിങിനോടും കുടുംബത്തോടുമുള്ള അവഗണന ദൃശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. ദൂരദര്‍ശന് മാത്രമായിരുന്നു ചിത്രീകരണത്തിന് അനുമതി.
മന്‍മോഹന്‍ സിങിന്‍റെ കുടംബാംഗങ്ങളുടെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന് പകരം മോദിയേയും അമിത് ഷായേയും മാത്രമാണ് ദൂരദര്‍ശന്‍ സംപ്രേഷണത്തില്‍ എപ്പോഴും കാണിച്ചു കൊണ്ടിരുന്നത്. മുന്‍ നിരയില്‍ മൂന്ന് സീറ്റ് മാത്രമാണ് കുടുംബത്തിന് നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കൾ നിര്‍ബന്ധം പിടിച്ചപ്പോള്‍ മാത്രമാണ് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചതെന്നും പവന്‍ ഖേര പറഞ്ഞു.
ദേശീയ പതാക മന്‍മോഹന്‍ സിങിന്‍റെ ഭാര്യക്ക് കൈമാറിയപ്പോള്‍ പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റ് നിന്നില്ല. ഭൂട്ടാന്‍ രാജാവ് എഴുന്നേറ്റ് നിന്നപ്പോഴും മോദി ഇരിക്കുകയായിരുന്നു. സംസ്ക്കാര സ്ഥലത്ത് അല്‍പം സ്ഥലം മാത്രമാണ് കുടുംബാംഗങ്ങള്‍ക്ക് നല്‍കിയത്.
പൊതുജനത്തെ ഗേറ്റിന് പുറത്ത് നിര്‍ത്തിയെന്നും കുറ്റപത്രമായി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പവന്‍ ഖേര ആരോപിച്ചു. അതേസമയം മൻമോഹൻ സിങിന്റെ മരണം കൊണ്ട് കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു.