ചേളന്നൂർ: കോഴിക്കോട് ചേളന്നൂർ പോഴിക്കാവിൽ ദേശീയപാത നിർമാണത്തിന് അശാസ്ത്രീയമായി മണ്ണെടുക്കുന്നുവെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. സമരസമിതിയുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിഷേധക്കാരെ നേരിടാൻ വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തി. സമരം നയിച്ച സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കുമാറിനെ പൊലീസ് വലിച്ചിഴച്ചു. സമരക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. പെലീസ് നടത്തുന്നത് നരനായാട്ടെന്ന് നാട്ടുകാർ ആരോപിച്ചു.പൊലീസ് തന്നെ വലിച്ചിഴച്ചതായി സുരേഷ്
കുമാർ പ്രതികരിച്ചു. രണ്ട് കയ്യിലും
തൂക്കിയാണ് പൊലീസ് വലിച്ചിഴച്ചത്. നെഞ്ച്
നിലത്ത് ഉരഞ്ഞുവെന്നും സുരേഷ് കുമാർ പറഞ്ഞു. പ്രഷറും ഷുഗറും അടക്കം നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന
ആളാണ് സുരേഷ് കുമാറെന്ന് സമരസമിതി അംഗങ്ങൾ പറഞ്ഞു. ജനങ്ങൾക്കൊപ്പം
നിൽക്കുന്നവരാണ് തങ്ങളെന്നും ഇങ്ങനെയാണോ പൊലീസ് പെരുമാറേണ്ടതെന്നും സമരസമിതി അംഗങ്ങൾ ചോദിച്ചു.
പൊലീസ് മാന്യമായി
പെരുമാറണമെന്നും സമരസമിതി അംഗങ്ങൾ പറഞ്ഞു. പൊലീസിന്റെ ബലപ്രയോഗത്തിനിടെ യുവതി കുഴഞ്ഞു വീണു. പ്രതിഷേധം ശക്തമായതോടെ സമരക്കാരെ പൊലീസ്
അറസ്റ്റ് ചെയ്ത് നീക്കി.പോഴിക്കാവിൽ നടക്കുന്ന അശാസ്ത്രീയ മണ്ണെടുപ്പിനെതിരെ കഴിഞ്ഞ കുറച്ചുനാളുകളായി നാട്ടുകാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമാണ്.
ജിയോളജിക്കൽ സർവേയുടെ നോട്ടീസ്
ഉണ്ടെങ്കിൽ പോലും അതിനെ അനുമതിയായി കണക്കാക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വലിയ മഴയുണ്ടായാൽ നാട് ഒന്നടങ്കം ഒലിച്ചുപോകുന്ന തരത്തിൽ മണ്ണെടുപ്പ് ഭീഷണിയാണെന്നും നാട്ടുകാർ പറയുന്നു.