സുൽത്താൻബത്തേരി: വയനാട്ടിൽ വീണ്ടും മയക്കുമരുന്ന് വേട്ട. ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് കോഴിക്കോട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. 1.85 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് ചെറുവണ്ണൂർ, ഒളവണ്ണ റഹ്‌മാൻ ബസാർ സ്വദേശികളായ തൊണ്ടിയിൽ വീട്ടിൽ സി. അർഷാദ് (23), ഗോൾഡൻ വീട്ടിൽ കെ. മുഹമ്മദ് ഷെഹൻഷാ(24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്.
പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി പൊലീസ് ജില്ലയിലുട നീളം സംഘടിപ്പിച്ചു വരുന്ന മയക്കുമരുന്ന് കടത്തുകാരെ കണ്ടെത്താനുള്ള പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്ക് പോസ്റ്റിന് സമീപം വാഹനപരിശോധനക്കിടെയാണ് യുവാക്കൾ പിടിയിലായത്. ഗുണ്ടൽപേട്ട് ഭാഗത്ത് നിന്നും വരികയായിരുന്ന കെ.എൽ 10 എ.സെഡ് 3991 നമ്പർ കാറിലെ യാത്രക്കാരായിരുന്നു ഇരുവരും
വാഹന പരിശോധനക്കിടെ പരുങ്ങിയ യുവാക്കളെ വിശദമായി പരിശോധിച്ചപ്പോഴാണ് ഇവരിൽ നിന്നും മയക്കുമകുന്ന് കണ്ടെത്തിയത്. ഇതോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം എല്ലാ സ്റ്റേഷൻ പരിധികളിലും ജില്ലാ അതിർത്തികളിലും ലഹരിക്കടത്തും വിൽപ്പനയും ഉപയോഗവും തടയുന്നതിനായി പ്രത്യേക പരിശോധന കർശനമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.