കൊണ്ടോട്ടി ഒഴുകൂരിലെ മദ്രസയിൽ നിന്ന് സിയാറത്ത് യാത്ര പോയ ബസ് അപകടത്തിൽ പെട്ടു വിദ്യാർത്ഥിനി മരണപ്പെട്ടു. നെരവത്ത് അറഫ നഗർ സ്വദേശിനി ഫാത്തിമ ഹിബയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികൾക്ക് പരിക്കുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.
ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്സാം ഹയർസെക്കൻഡറി മദ്രസയിൽ നിന്നും വാഗമണ്ണിലേക്കും ആത്മീയ കേന്ദ്രങ്ങളിലേക്കും ടൂർ പോയ വിദ്യാർത്ഥി സംഘത്തിൻ്റെ ബസ് ആണ് അപകടത്തിൽ പെട്ടത്.
പൊന്നാനി വെളിയങ്കോട് വെച്ച് ഇന്ന് പുലർച്ചെ 3.45 മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബസ് വെളിയംങ്കോട് അങ്ങാടി സമീപം പുതിയ NH 66 റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങുമ്പോൾ റോഡ് സൈഡിലുള്ള സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ബസ് ഇടിച്ചു
ഉടൻ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹിബ മരണത്തിനു കീഴടങ്ങി. ഗുരുതരമായി പരിക്ക് പറ്റിയ ഹിതൽ ഹന്ന (12) എന്ന കുട്ടിയെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയ്യിത്ത് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ.
ഒഴുകൂർ ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു സയൻസ് ബാച്ചിലെ വിദ്യാർത്ഥിനിയാണ് ഹിബ. വിദ്യാർത്ഥിനിയോടുള്ള ആദര സൂചകമായി ഇന്ന് ഒഴുകൂർ സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.