കല്‍പ്പറ്റ: കല്‍പ്പറ്റ പെരുന്തട്ടയില്‍ വീണ്ടും വന്യമൃഗ ആക്രമണം. പുലിയാര്‍കുന്ന് വീട്ടില്‍ സി സതീശന്റെ ഒരു വയസുള്ള പശുകിടാവിനെയാണ് വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തിയത്. കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാത ഉപരോധിച്ചു. രാവിലെ മേയാന്‍ വിട്ട പശു തിരിച്ചുവരാത്തതിനാല്‍ നടത്തിയ പരിശോധനയിലാണ് വന്യമൃഗം ആക്രമിച്ച നിലയില്‍ പശു കിടാവിനെ കണ്ടെത്തുന്നത്. ഉടനെ ചികിത്സക്കായി പൂക്കോട് വെറ്റനറി കോളേജില്‍ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. മൂന്ന് മാസത്തിനിടെ നാലാമത്തെ വളര്‍ത്തുമൃഗമാണ് വന്യമൃഗ ആക്രമത്തില്‍ കൊല്ലപ്പെടുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.. സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ പശുവിന്റെ ജഡവുമായി കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാത ഉപരോധിച്ചു. ഉപരോധത്തില്‍ വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് മേഖലയില്‍ കൂട് സ്ഥാപിച്ചു.രാത്രികാലങ്ങളില്‍ വനപാലകരെ സ്ഥലത്ത് വിന്യസിപ്പിക്കും എന്നും ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. കടുവയാണോ പുലിയാണോ പശുവിനെ ആക്രമിച്ചതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.