തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനെയും മകന്റെയും മരണത്തെ തുടർന്ന് ഉയർന്ന ആരോപണങ്ങളിൽ വയനാട് എസ്പിക്ക് പരാതി നൽകി ഐ സി ബാലകൃഷ്ണൻ എംഎൽഎ. പണം വാങ്ങാൻ ആർക്കും നിർദ്ദേശം നൽകിയിരുന്നില്ലെന്നും എംഎൽഎ പറയുന്നു. എൻഎം വിജയൻ എഴുതിയതായി പറയുന്ന കത്തും ഒപ്പിട്ട കരാർ ഉടമ്പടിയും വ്യാജമാണ്. മാധ്യമങ്ങളിലൂടെ വ്യാജ രേഖകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. തന്റെ പേര് ഉപയോഗപ്പെടുത്തി ആരെങ്കിലും പണം കൈപ്പറ്റിയെങ്കിൽ അന്വേഷണം വേണമെന്നും എംഎൽഎ നൽകിയ പരാതിയിൽ പറയുന്നു.
അതേ സമയം, വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യയിൽ പ്രതിഷേധ മാർച്ച് നടത്തി സിപിഎം. ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണന്റെ ഓഫീസിലേക്ക് ആണ് മാർച്ച് നടത്തിയത്. അർബൻ ബാങ്ക് നിയമന തട്ടിപ്പിന് പിന്നിൽ എംഎൽഎക്ക് പങ്കുണ്ടെന്നും ഇതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് മരണത്തിന് കാരണമെന്നുമാണ് സിപിഎം ആരോപണം. ഐസി ബാലകൃഷ്ണൻ രാജിവെക്കണമെന്നും എംഎൽഎക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐയും ഇന്ന് എംഎൽഎ ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.