കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി എം പി അനിൽകുമാർ ആണ് വിജിലൻസിന്റെ പിടിയിലായത്. പെട്രോൾ പമ്പിനായി സ്ഥലം തരം മാറ്റുന്നത് സംബന്ധിച്ച് ആണ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടത്.
പന്തീരങ്കാവ് കൈമ്പാലത്തെ ഒരേക്കർ ഭൂമിയിൽ 30 സെന്റ് സ്ഥലം തരം മാറ്റുന്നത് സംബന്ധിച്ചാണ് വില്ലേജ് ഓഫീസർ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതിൽ ആദ്യ ഘടുവായി 50,000 രൂപ വാങ്ങാനായി മെഡിക്കൽ കോളജിന് സമീപത്തെ സ്വകാര്യ ഹോട്ടലിൽ എത്തിയപ്പോഴാണ് പിടിയിലാകുന്നത്. 15 വർഷമായി അനിൽകുമാർ വില്ലേജ് ഓഫീസറായി ജോലി ചെയുന്നു. ഈ വർഷമാണ് പന്തീരങ്കാവിലേക്ക് സ്ഥലം മാറി എത്തിയത്. ഇയാൾക്കെതിരെ മുൻപും പരാതികൾ ഉയർന്നതിനാൽ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് കൈക്കൂലി കേസിൽ പിടിയിലാകുന്നത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിജിലൻസ് കോടതിയിൽ ഹാജരാക്കും