കൊണ്ടോട്ടി: കരിപ്പൂർ
വിമാനത്താവളത്തിൽ കാർ പാർക്കിങ് ഫീസ് ഈടാക്കുന്നതിൽ വ്യാപക തട്ടിപ്പെന്ന് പരാതി. സമയം തിരുത്തിയും വാഹനങ്ങളുടെ സീറ്റിന്റെ എണ്ണം തെറ്റായി കാണിച്ചുമാണ് തട്ടിപ്പ് നടത്തുന്നതെന്ന് യാത്രക്കാർ പറയുന്നു. ഇത് മൂലം നിരവധി പേരാണ് വലിയ തുക കാർപാർക്കിങ് ഫീ നൽകി വഞ്ചിതരാകുന്നത്. തോന്നിയത് പോലെയാണ് തുക ഈടാക്കുന്നതെന്നും ആരോപണമുണ്ട്. ഇത് സംബന്ധിച്ച് ദിനേന വാക്കേറ്റവും പതിവായിട്ടുണ്ട്.യാത്രക്കാരെ ടെർമിനലിന് മുന്നിൽ നിന്ന് കയറ്റിയും ഇറക്കിയും വരുന്ന വാഹനങ്ങൾ 13 മിനിട്ടിനുള്ളിൽ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയാൽ ഫീസ് നൽകേണ്ടതില്ല. എന്നാൽ ഇവരിൽ നിന്നടക്കം മിനിമം 40 രൂപ പാർക്കിങ് ഫീ വാങ്ങുകയാണ് ചെയ്യുന്നത്രെ. രസീതി പലതിനും നൽകുന്നില്ല. തുക നൽകാൻ തയാറാകാത്ത യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്. പ്രതികരിച്ചാൽ പ്രശ്‌നം പരിഹരിച്ചെന്ന് പറഞ്ഞ് പണം തിരികെ നൽകുന്ന സംഭവങ്ങളും കുറവല്ല.വാഹനങ്ങൾ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോൾ നൽകുന്ന എൻട്രി പാസിലാണ് തട്ടിപ്പ് നടത്തുന്നത്. പാസിൽ രേഖപ്പെടുത്തുന്ന സമയവും യഥാർഥ സമയവുമായി മാറ്റമുണ്ടെന്ന് യാത്രക്കാർ പറയുന്നു. എൻട്രി പാസിൽ അഞ്ച് മിനുട്ട് കൂടുതലാണ് രേഖപ്പെടുത്തുന്നത്രെ. ഇതുമൂലം പുറത്തിറങ്ങുമ്പോഴേക്കും സമയം കഴിഞ്ഞെന്ന് പറഞ്ഞ് മിക്ക വാഹനങ്ങളിൽനിന്നും തുക പിരിക്കാം.
ഇതിന് പുറമ വാഹനത്തിൻ്റെ സീറ്റിന്റെ എണ്ണത്തിലാണ് മറ്റൊരു തട്ടിപ്പ്. സാധാരണ കാറുകൾക്ക് ഈടാക്കേണ്ട തുകയ്ക്ക് പകരം ക്യാരേജ് വാഹനം എന്ന് ചേർത്ത് ഇരട്ടിയായി വാങ്ങും. പ്രവേശന സമയത്ത് നൽകുന്ന കൂപ്പണിലാണ് ഈ തട്ടിപ്പ്. ക്യാരേജ് വിഭാഗത്തിലുള്ളതിന് നിലവിലുള്ള തുകയുടെ ഇരട്ടിയാണ് നൽകേണ്ടത്. ഇന്നോവ കാറിനടക്കം ഇതോടെ ടെംപോ ട്രാവലറിന്റെ നിരക്കാണ് നൽകേണ്ടി വരുന്നത്.കരിപ്പൂരിലെ കാർപാർക്കിങ്ങ് തട്ടിപ്പിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് എയർപോർട്ട് അതോറിറ്റിക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് യാത്രക്കാർ പറയുന്നു. പരാതി വീഡിയോ സഹിതം പുറത്തു വന്നതോടെ സ്ഥലം എം എൽ എ ടിവി ഇബ്രാഹീം സ്ഥലത്തെത്തി പരിശോധന നടത്തി. സമയത്തിലെ കൃത്രിമം കയ്യോടെ പിടികൂടി. സംഭവത്തിൽ അന്വേഷണം നടത്തി ശരിയാക്കാമെന്നാണ് അധികൃതർ പറയുന്നത്