കോഴിക്കോട്: പുത്തൻ പ്രതീക്ഷകളുമായി പുതുവർഷമെത്തി. രാവേറെ വൈകിയും ആട്ടവും പാട്ടും ആഘോഷങ്ങളുമായി ആളുകൾ 2025 നെ വരവേറ്റു. പടക്കം പൊട്ടിച്ചും മധുരം പങ്കുവച്ചും പുത്തൻ പ്രതീക്ഷയോടെയാണ് ആഹ്ലാദരാവിൽ പുതുവർഷത്തെ വരവേൽക്കാൻ നഗരത്തിൽ ആളുകൾ ഒത്തു ചേർന്നത്.
മാനാഞ്ചിറ, സരോവരം, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചയോടെ തന്നെ വലിയ തിരക്കായിരുന്നു. കാപ്പാട്, ബേപ്പൂർ ബീച്ചുകൾ, വടകര സാന്റ് ബാങ്ക്സ് തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലും വമ്പിച്ച ആഘോഷപരിപാടികളാണ് നടന്നത്. ക്ലബുകൾ, സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിലെല്ലാം പുതുവത്സരാഘോഷം നടന്നു. നിരത്തുകളാകെ അലങ്കാരദീപങ്ങൾ വിസ്മയക്കാഴ്ചയൊരുക്കി. മാനാഞ്ചിറയിലെ ലൈറ്റ് ഷോ ഈ വർഷത്തെ ന്യൂ - ഇയർ പരിപാടികളുടെ പ്രധാന ആകർഷണമായിരുന്നു. ദിനം പ്രതി നൂറുകണക്കിനാളുകൾ ലൈറ്റ് ഷോ കാണാനായെത്തി. ഇന്നലെ ഉച്ചയോടെ തന്നെ നഗരത്തിലെ പലയിടത്തായി ആളുകളും വാഹനങ്ങളും നിറഞ്ഞ് നഗരം ഗതാഗതക്കുരുക്കിലായി. നഗര പരിധിയിൽ പാർക്കിംഗിന് സ്ഥലമില്ലാത്തത് ഗതാഗതക്കുരുക്കിന്റെ ആക്കം കൂട്ടി. തിരക്ക് പരമാവധി ഒഴിവാക്കാൻ ഇന്നലെ ഉച്ച മുതൽ കർശനമായ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ആഘോഷം അതിര് വിടാതിരിക്കാനും സുരക്ഷിത പുതുവർഷത്തെ വരവേൽക്കാനും കർശന സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കിയിരുന്നത്. കാതടിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം, ഉച്ചഭാഷിണിയുടെ ഉപയോഗം, മദ്യപിച്ചുള്ള വാഹന ഡ്രൈവിംഗ്, ലഹരി ഉപയോഗം എന്നിവയ്‌ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത പരിശോധനയാണ് നടന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ദുഃഖാചരണമായതിനാൽ നഗരസഭയുടെ ഔദ്യോഗിക പരിപാടികളൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല