മുക്കം: പാഠ്യ-പഠനാനുബന്ധ പ്രവർത്തനങ്ങളിൽ വിസ്മയച്ചുവടുകളുമായി കക്കാട് ഗവൺമെന്റ് എൽ.പി സ്‌കൂൾ. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവടു വയ്ക്കുന്ന സ്‌കൂളിൽ പുതുവർഷത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്താൻ സ്‌കൂൾ പി.ടി.എ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
'ആരോഗ്യമുള്ള ശരീരം, ലഹരിമുക്ത ജീവിതം' എന്ന സന്ദേശത്തിൽ മുക്കം ഉപജില്ലയിലെ വിവിധ സ്‌കൂളുകളെ പങ്കെടുപ്പിച്ചുള്ള ലഹരിക്കെതിരെയുള്ള രണ്ടാമത് ഏകദിന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ജനുവരി 18ന് ശനിയാഴ്ച രാവിലെ ഏഴു മുതൽ കക്കാട് തൂക്കുപാലത്തോട് ചേർന്നുള്ള മംഗലശ്ശേരി മൈതാനിയിൽ നടക്കും. ടൂർണമെന്റിലേക്കുള്ള ടീമുകൾ അന്തിമമാക്കിയ യോഗം ഫിക്‌സ്ചർ പ്രകാശനം ഉടനെ നടത്താനും തീരുമാനിച്ചു.
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള സ്‌കൂളിലെ കുട്ടികൾക്കുള്ള അരലക്ഷത്തിലേറെ രൂപയുടെ എൻഡോവ്‌മെന്റ് സമർപ്പണവും സ്‌കൂളിന്റെ 67-ാം വാർഷികാഘോഷവും ജനുവരി 24, 25 തിയ്യതികളിൽ നടത്തും. 25ന് പരിസര പ്രദേശങ്ങളിലെ കെ.ജി, എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഒപ്പന മത്സരം നടത്താനും സ്‌കൂളിൽ ചേർന്ന പി.ടി.എ യോഗം തീരുമാനിച്ചു.
പ്രീപ്രൈമറി വിദ്യാർത്ഥികൾക്കും എൽ.പി സെക്ഷനിലും നടത്തുന്ന ഒപ്പന മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5001, 3001, 1001 രൂപ പ്രൈസ് മണി നൽകും. എൽ.പി സെക്ഷനിലെ ജേതാക്കൾക്കും യഥാക്രമം 5001, 3001, 1001 രൂപ പ്രൈസ് മണി നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്ന സ്‌കൂൾ ടീമുകൾ ജനുവരി എട്ടിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷന് 9946774387, 9562021723 എന്നി നമ്പറുകളിൽ വിളിക്കണമെന്ന് പി.ടി.എ പ്രസിഡന്റ് (9846754140) അറിയിച്ചു.
സ്‌കൂൾ ക്ലാസ് പി.ടി.എയും രക്ഷാകർതൃ ശിൽപശാലയും ജനുവരി പത്തിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. ശിൽപശാലയിൽ എഫക്ടീവ് പാരന്റിംഗ് എന്ന സെഷനിൽ മോട്ടിവേറ്റർ ഹമീദ് ചൂലൂർ ക്ലാസെടുക്കും.
ഈമാസം 18ന് മംഗലശ്ശേരി മൈതാനിയിൽ നടക്കുന്ന ഉപജില്ലയിലെ വിവിധ സ്‌കൂൾ ടീമുകളെ പങ്കെടുപ്പിച്ച് ലഹരിക്കെതിരേയുള്ള ഫുട്‌ബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും സംഘാടകർ അറിയിച്ചു.
മുക്കത്തെ കെയർ എൻ ക്യൂർ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനമാണ് ചാമ്പ്യൻഷിപ്പിലെ വിജയികൾക്കും റണ്ണേഴ്‌സിനുമുള്ള ട്രോഫികൾ സമ്മാനിക്കുക. വിജയികൾക്ക് റസാസ് ഫുഡ് പ്രൊഡക്ട് കമ്പനി നൽകുന്ന 5001 രൂപയുടെ വിന്നേഴ്‌സ് പ്രൈസ് മണിയും റണ്ണേഴ്‌സിന് മുക്കത്തെ ചാലിയാർ ഏജൻസീസ് നൽകുന്ന 3001 രൂപയുടെ പ്രൈസ് മണിയും സമ്മാനിക്കും.
ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനും ടോപ് സ്‌കോറർക്കും മികച്ച സ്‌റ്റോപ്പർ ബാക്കിനുമുള്ള സോയോ ബാത്ത് വെയർ നൽകുന്ന മുവ്വായിരം രൂപയുടെ ട്രോഫികളും മെഡലുകളും ചടങ്ങിൽ സമ്മാനിക്കും. പ്രാഥമിക റൗണ്ടിലെ മാൻ ഓഫ് ദി മാച്ചിനുള്ള ട്രോഫിയും ടീം മെഡലും ഗ്രൗണ്ട് സീറോ മുക്കം സമ്മാനിക്കും.
രാവിലെ ഏഴിന് ആരംഭിക്കുന്ന ഏകദിന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീം മാനേജർക്കും സമാപന ചടങ്ങിൽ ഉപഹാരം സമ്മാനിക്കും. ജയപരാജയം പരിഗണിക്കാതെ മുൻവർഷത്തെ പോലെ മത്സരത്തിൽ മാറ്റുരക്കുന്ന എല്ലാ ടീം അംഗങ്ങൾക്കും ഇത്തവണയും മെഡലുകൾ സമ്മാനിക്കും. സ്‌കൂളിലെ എൽ.എസ്.എസ് പരിശീലനവും തുടർ പദ്ധതികളും യോഗം വിലയിരുത്തി.
മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് കണ്ടോളിപ്പാറയിൽ പണിയുന്ന പുതിയ ഹൈടെക് കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്. തിരുവമ്പാടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി 34 ലക്ഷം രൂപയാണ് ഇതിനകം ചെലവഴിച്ചത്.
രണ്ടാം ഘട്ട ഫണ്ടിനുള്ള കാത്തിരിപ്പിനോടൊപ്പം സ്‌കൂളിനെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ യു.പി സ്‌കൂളാക്കണമെന്ന പ്രദേശവാസികളുടെ ചിരകാല സ്വപ്‌നം പൂവണിയാനുള്ള കഠിന പ്രയത്‌നത്തിലാണ് സ്‌കൂൾ അധികൃതർ. സ്‌കൂളിൽ വർണക്കൂടാരം പണിയാനുള്ള പദ്ധതിയുടെ 75 ശതമാനം തുകയും ഇതിനകം സ്‌കൂളിന് ലഭിച്ചിട്ടുണ്ടെന്നും ഹൈടെക് കെട്ടിടം പൂർത്തിയായ ശേഷം വർണക്കൂടാരം പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
https://thamarasseryvarthakal.in/news_view/39900/