മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂര മര്‍ദനമെന്ന് പരാതി. മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദിനാണ് മര്‍ദനമേറ്റത്. മാതാവിനൊപ്പം ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ ടോള്‍ ജീവനക്കാരന്‍ മര്‍ദിച്ചുവെന്നാണ് പരാതി.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ടോള്‍ ഗേറ്റില്‍ 27 മിനിറ്റ് കൊണ്ടാണ് എത്തിയത്. എന്നാല്‍ ടോള്‍ ജീവനക്കാര്‍ ഇവരില്‍ നിന്നും ഒരു മണിക്കൂറിന്റെ തുക ഈടാക്കുകയായിരുന്നു. ചാര്‍ജ് ഷീറ്റ് പ്രകാരം 30 മിനിറ്റ് നേരത്തേക്ക് 40 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്.
ഇത് റാഫിദ് ടോള്‍ ജീവനക്കാരെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജീവനക്കാര്‍ റാഫിദിനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
'മുപ്പത് മിനിറ്റിന് 40 രൂപയും, 30 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെ 65 രൂപയുമാണ് ചാര്‍ജ്. 30 മിനിറ്റില്‍ താഴെ മാത്രമാണ് പാര്‍ക്കിങ്ങില്‍ ഉണ്ടായത്. ഹിന്ദി സംസാരിക്കുന്ന ആളുകളായിരുന്നു. ടോളിലെത്തിയപ്പോള്‍ 65 രൂപ നല്‍കണമെന്ന് അവര്‍ പറഞ്ഞു.
30 മിനിറ്റ് അല്ലേ ആയിട്ടുളളൂവെന്നും ചാര്‍ജ് ഷീറ്റ് കാണിക്കാമോ എന്നും ഞാന്‍ ചോദിച്ചു. അപ്പോഴേക്കും അയാള്‍ ദേഷ്യപ്പെട്ടു അല്‍പം ശബ്ദം കൂട്ടി സംസാരിച്ചു. ഇത് കേട്ട് മറ്റൊരാള്‍ വന്നു. അയാള്‍ പറഞ്ഞു 65 അല്ല 40 രൂപയാണെന്ന്.
പൈസ കൊടുക്കാന്‍ സമയം ഞങ്ങള്‍ ഇത് ചോദ്യംചെയ്തത് കൊണ്ടാണോ 65 രൂപ 40 ആയത് എന്നും എല്ലാവരില്‍ നിന്നും ഇത്തരത്തിലാണോ പണം വാങ്ങുന്നതെന്നും ചോദിച്ചു.
അത് രണ്ടാമത്തെയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അയാള്‍ ശക്തിയായി കാറില്‍ ഇടിച്ചു. ചോദ്യം ചോദിക്കുമ്പോള്‍ ദേഷ്യപ്പെടേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴേക്കും മറ്റുള്ളവരും ഓടിക്കൂടി.
കാറിന്റെ ഡോര്‍ തുറന്നപ്പോഴേക്കും അവര്‍ എന്നെ വലിച്ച് പുറത്തേക്കിട്ട് മര്‍ദിച്ചു', റാഫിദ് പറഞ്ഞു. റാഫിദ് കൊണ്ടോട്ടി കുന്നുമ്മല്‍ ഗവര്‍ണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ടോള്‍ പ്ലാസ തട്ടിപ്പ് സംബന്ധിച്ച് നേരത്തേയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാര്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതില്‍ വ്യാപക തട്ടിപ്പാണ് കരിപ്പൂരില്‍ നടക്കുന്നത്.
സമയം തിരുത്തിയും വാഹനങ്ങളുടെ സീറ്റിന്റെ എണ്ണം തെറ്റായി കാണിച്ചുമാണ് തട്ടിപ്പ് നടത്തുന്നത്. തോന്നിയത് പോലെയാണ് തുക ഈടാക്കുന്നതെന്നും ആരോപണമുണ്ട്. ഇത് സംബന്ധിച്ച് ദിനേന വാക്കേറ്റവും പതിവായിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെതിരെ കയ്യേറ്റവുമുണ്ടാകുന്നത്.