: കുറ്റ്യാടിയിൽ കാറിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി.
രക്ഷിതാക്കൾ മറ്റൊരു കാറിൽ പിന്തുടർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെ കുറ്റ്യാടിയിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെ അകത്തട്ട് എന്ന സ്ഥലത്താണ് സംഭവം. മൻസൂർ-ജൽസ ദമ്പതികളുടെ മകളെയാണ് ആശാരി പറമ്പ് സ്വദേശി വിജീഷ് എന്നയാൾ തട്ടിക്കൊണ്ടുപോയത്. ഇയാളെ പിടികൂടി പൊലീസിൽ ഏൽപിച്ചു.കുട്ടി ഉറങ്ങിയതിനാൽ കാറിൽ തന്നെ കിടത്തി ജ്യൂസ് വാങ്ങാൻ കടയിൽ പോയതായിരുന്നു മൻസൂറും ജൽസയും. ഇതിനിടെയാണ് പ്രതി കാറും കുട്ടിയുമായി കടന്നുകളഞ്ഞത്. ഇതിന് പിന്നാലെ സുഹൃത്തിന്റെ വാഹനത്തിൽ മൻസൂറും ജൽസയും കാറിനെ പിന്തുടർന്നു. തുടർന്നാണ് കുട്ടിയെ രക്ഷിച്ചത്.
രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിജീഷ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.