തിരുവനന്തപുരം: കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായികമേളയിൽ പ്രതിഷേധം ഉയർത്തിയതിന്റെ പേരിൽ സംസ്ഥാനത്തെ മികച്ച രണ്ടു സ്‌കൂളുകളെ അടുത്ത മേളയിൽ വിലക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തം. ദേശീയ കായിക താരങ്ങളുടെ അടക്കം നിരവധി പ്രതിഭകളുടെ ഭാവിയെ തന്നെ ബാധിക്കുന്ന നടപടിയിൽ നിന്ന്സർക്കാർ പിന്മാറണം എന്നാണ് ആവശ്യം ഉയരുന്നത്.
ഈ പ്രതിഷേധമിപ്പോള്‍ എത്തി നില്‍ക്കുന്നത് ഒരു വിലക്കിലാണ്. കായികമേളയില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യം. തിരുനാവായ നാവാ മുകുന്ദ സ്കൂളിനേയും കോതമംഗംലം മാര്‍ ബേസില്‍ സ്കൂളിനേയുമാണ് അടുത്ത കായിക മേളയില്‍ നിന്ന് സര്‍ക്കാര്‍ വിലക്കിയത്. ഇക്കഴിഞ്ഞ സ്കൂള്‍ മേളയില്‍ അത്‍ലറ്റിക്സില്‍ രണ്ടാമതും മൂന്നാമതും എത്തിയ നാവാ മുകുന്ദയേയും മാര്‍ ബേസിലിനേയും മറികടന്ന് ജിവി രാജ സ്പോര്‍ട്സ് സ്കൂളിന് ട്രോഫി നല്‍കിയതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്.
കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി സ്പോര്‍ട്സ് സ്കൂളുകളെ ബെസ്റ്റ് സ്കൂള്‍ പുരസ്കാരത്തിന് പരിഗണിക്കില്ലായിരുന്നു. ഇത്തവണ അവസാന ദിവസമാണ് അപ്രതീക്ഷിതമായി ജിവി രാജയ്ക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. ട്രോഫി കിട്ടുന്നതും കാത്ത് നിന്ന കുട്ടികളും അധ്യാപകരം സങ്കടവും രോഷവും കലർത്തി പ്രതികരിച്ചതിന് വിലക്കിലൂടെ മറുപടി പറയാനുള്ള നീക്കം തെറ്റുതന്നെയാണ്. ഇടതുസര്‍ക്കാരിന്റെ ഈ തീരുമാനം പുന പരിശോധിക്കേണ്ടതാണ്. രണ്ടു സ്‌കൂളുകൾക്ക് വിലക്ക് ഏർപ്പെടുത്തുമ്പോൾ അതുകൊണ്ട് ഉണ്ടാകുന്ന നഷ്ടം ആ സ്‌കൂളുകളിൽ പഠിക്കുകയും കായിക പരിശീലനവും നടത്തുന്ന വിദ്യാർത്ഥികളുടെ മത്സരിക്കാനുള്ള അവകാശം നിഷേധിക്കലാണ്.
അവസരം നിഷേധിച്ചുകൊണ്ടുള്ള ഈ നടപടി തിരുത്താന്‍ വിദ്യാഭ്യാസ മന്ത്രി തന്നെ ഇടപെടണം. സ്കൂളുകളെ വിലക്കാനാണ് തീരുമാനമെങ്കില്‍ കുട്ടികൾക്ക് സ്വാതന്ത്രരായി മത്സരിക്കാൻ അവസരം നൽകണം. ഒളിംപികിസലിടക്കം രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാലും താരങ്ങളെ സ്വന്തന്ത്രരായി മത്സരിക്കാന്‍ അനുവദിക്കാറുള്ളതാണ്. ഈ മാതൃക പിന്തുടരാന്‍ ഇടതുസര്‍ക്കാര്‍ തയാറാവണം.
അതല്ലങ്കിൽ മറ്റെന്തെങ്കിലും നടപടിയെടുത്ത് പ്രശ്നം പരിഹരിക്കണം. എന്തായാലും ഒരു തിരുത്ത് വേണ്ട തീരുമാനമാണ് സര്‍ക്കാരിന്റേത്. വിലക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയിലും പ്രതിഷേധമുണ്ട്. പരിശീലകരടക്കം സര്‍ക്കാര്‍ തീരുമാനം മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നുണ്ട്.