പാലക്കാട്: പാലക്കാട് വല്ലപ്പുഴയിൽ ആറ്
ദിവസം മുമ്പ് കാണാതായ 15 കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി. മഡ്‌ഗോൺ റെയിൽവേ സ്റ്റേഷൻ്റെ സമീപത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. നിലമ്പൂരിൽ നിന്ന് വിനോദയാത്ര പോയ അധ്യാപക സംഘത്തിന്റെ ഡ്രൈവറാണ് പെൺകുട്ടിയെ കുറിച്ച് ഗോവ പൊലീസിന് വിവരം നൽകിയത്. നിലവിൽ കുട്ടി ഗോവയിലെ മഡ്‌ഗോവൻ പൊലീസ് സ്റ്റേഷനിലാണ്. പട്ടാമ്പി പൊലീസും കുട്ടിയുടെ ബന്ധുക്കളും ഗോവയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ കാണുമ്പോൾ കുട്ടി ഒറ്റക്കായിരുന്നു എന്നാണ് വിവരം.
കുട്ടിയുടെ പിതാവ് കുട്ടിയുമായി ഫോണിൽ സംസാരിച്ചു. കുട്ടി എന്തിന് പോയി, കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. ഡിസംബർ 30 ന് രാവിലെ വീട്ടിൽ നിന്നും ട്യൂഷൻ സെന്ററിലേക്കിറങ്ങിയതായിരുന്നുകുട്ടി. ശേഷം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികളോട് ബന്ധുവീട്ടിൽ പുസ്തകമെടുക്കാനെന്ന് പറഞ്ഞായിരുന്നു പോയത്. കൂട്ടുകാരികൾക്ക് മുന്നിൽ നിന്ന് തന്നെ വസ്ത്രവും മാറി മുഖമടക്കം മറച്ച് ബുർഖ ധരിച്ചാണ് പെൺകുട്ടി പോയത്. സമയമായിട്ടും സ്‌കൂളിലെത്താതായതോടെ രക്ഷിതാക്കളെ സ്‌കൂൾ അധികൃതർ വിവരമറിയിച്ചു.പിന്നാലെ രക്ഷിതാക്കൾ പൊലീസിൽ പരാതിയും നൽകുകയായിരുന്നു. എന്നാൽ കണ്ടെത്താനായില്ല. പെൺകുട്ടിയുടെ വസ്ത്രമായിരുന്നു പ്രധാന വെല്ലുവിളി. എങ്കിലും പെൺകുട്ടി പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ എത്തിയതെന്നത് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു. ഷൊർണൂർ മുതൽ തിരുവനന്തപുരം വരെ അന്വേഷണം നടത്തി സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പൊലീസിന് തുമ്പൊന്നും കിട്ടിയില്ല. കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്തതും വെല്ലുവിളിയായി. കുട്ടിയെ കണ്ടെത്താൻ മണ്ണാർക്കാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ രണ്ട് ഡിവൈഎസ്‌പിമാർ, സിഐമാർ, എസ്ഐമാർ അടങ്ങുന്ന 36 അംഗസംഘം അഞ്ച് ടീമുകൾ വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് ആശ്വാസ വാർത്ത.