കോഴിക്കോട്: മുക്കത്ത് മാനസികവെല്ലുവിളി നേരിടുന്ന യുവാവിനുനേരേ ആൾക്കൂട്ട ആക്രമണം. മുക്കം സ്വദേശിയായ 34-കാരനെയാണ് ഒരു സംഘം യുവാക്കൾ കൂട്ടംചേർന്ന് മർദിച്ചത്.
സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പ്രതികൾ പകർത്തിയിരുന്നു.
ഒരു യുവാവിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് മാനസികവെല്ലുവിളി നേരിടുന്ന 34- കാരനെ യുവാക്കൾ മർദിച്ചത്.
ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു ആക്രമണം. മർദനത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പണം നൽകിയില്ലെങ്കിൽ മർദനത്തിന്റെ വീഡിയോ പുറത്തുവിട്ട് അപമാനിക്കുമെന്നായിരുന്നു പ്രതികളുടെ ഭീഷണി.18,000 രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടതെന്ന് മർദനത്തിനിരയായ 34-കാരൻ പറഞ്ഞു. പണം നൽകിയില്ലെങ്കിൽ വീഡിയോ പുറത്തുവിട്ട് നാറ്റിക്കുമെന്നാണ് യുവാക്കൾ ഭീഷണിപ്പെടുത്തിയതെന്നും പരാതിക്കാരൻ പ്രതികരിച്ചു.