കണ്ണൂര്‍ : മട്ടന്നൂര്‍ നഗരസഭയിലെ നടുവനാട് മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. തിരുവനന്തപുരം പാറശാല സ്വദേശിയായ ജസ്റ്റിന്‍ രാജ് (34) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സുഹൃത്ത് രാജയെ മട്ടന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പാറശാല സ്വദേശികളാണ്.
നടുവനാട് നിടിയാഞ്ഞിരത്ത് ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ജസ്റ്റിന്‍ രാജും രാജയും ചേര്‍ന്ന് നിടിയാഞ്ഞിരത്തെ രാജയുടെ വാടക വീട്ടില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. വാക്കേറ്റത്തിനിടെ രാജ ജസ്റ്റിനെ കുത്തുകയായിരുന്നു. രാജയുടെ കുട്ടി സമീപത്തെ കടയില്‍ ചെന്ന് വിവരം പറഞ്ഞതോടെ നാട്ടുകാര്‍ സംഭവം അറിയുകയായിരുന്നു. ഉടന്‍ തന്നെ ജസ്റ്റിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.