കോഴിക്കോട് : കേരളത്തിലെ ആദ്യമായി ഭിന്നശേഷിക്കാർക്ക് മാത്രമായുള്ള പാർക്കിങ് സൗകര്യം കോഴിക്കോട് ബീച്ചിൽ. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ സക്ഷമയുടെ നേതൃത്വത്തിലാണ് പാർക്കിങ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് കാറുകൾക്കും അഞ്ച് മുച്ചക്ര വാഹനങ്ങൾക്കും ഇവിടെ പാർക്ക് ചെയ്യാം. കോർപ്പറേഷൻ ഓഫീസിന് എതിർവശത്തായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ബീച്ചിൽ പണിത റാംപിനോട് ചേർന്നാണിത്. മറ്റു വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്താൽ പിഴ ഈടാക്കും. ബോർഡ് വെക്കുന്ന ജോലിയാണ് ഇനി ബാക്കിയുള്ളത്.
ഉദ്ഘാടനം ഞായറാഴ്ച ബീച്ചിൽ നടന്ന ചടങ്ങിൽ ക്രൈം ബ്രാഞ്ച് ഐ.ജി. പി. പ്രകാശ് നിർവഹിച്ചു. സക്ഷമ ജില്ലാ പ്രസിഡന്റ് പി. ഗോപകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.കെ. സുഭാഷ്, ഡോ. ശങ്കർ മഹാദേവൻ എന്നിവർ സംസാരിച്ചു.
പാർക്കിങ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഭിന്നശേഷി അവകാശ നിയമം പൂർണമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിക്കാരുടെ റാലിയും ‘എന്റെ വഴി എന്റെ ജീവിതം’ ബോധവത്കരണ സമ്മേളനവും നടത്തി