കൊച്ചി: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഭാര്യ മഞ്ജുഷയുടെ ആവശ്യം ഹൈകോടതി തള്ളി. കേസിൽ സംസ്ഥാന സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ അധ്യക്ഷതയിലുള്ള സിംഗ്ൾ ബെഞ്ചിന്റേതാണ് ഉത്തരവ്. വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുമെന്ന് മഞ്ജുഷ പ്രതികരിച്ചു.
കേസിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് കോടതി നിർദേശിച്ചു. കുടുംബത്തിന്‍റെ ആരോപണങ്ങളിൽ എസ്.ഐ.ടി അന്വേഷണം നടത്തണം. കൊലപാതക സാധ്യത ഉൾപ്പെടെ പരിശോധിക്കണം. കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനു മുമ്പ് ഡി.ഐ.ജിയെ കാണിക്കണമെന്നും കോടതി നിർദേശിച്ചു. എന്നാൽ കോടതി ഉത്തരവിൽ തൃപ്തരല്ലെന്ന് നവീൻ ബാബുവിന്‍റെ കുടുംബം വ്യക്തമാക്കി. കേസിൽ നീതിപൂർവമായ അന്വേഷണം നടക്കാൻ സി.ബി.ഐക്ക് വിടണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.