ചാവക്കാട്: ഗൾഫിൽനിന്ന് ഏൽപിച്ച സ്വർണം വിമാനത്താവളത്തിൽ പിടിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമർദനം. എടക്കഴിയൂർ ഹൈസ്കൂളിന് സമീപം മഞ്ചറമ്പത്ത് അലിയുടെ മകൻ സനൂബിനെയാണ് (34) അകലാട് സ്വദേശികളുടെ നേതൃത്വത്തിൽ മർദിച്ചത്. ഡിംസബർ 31നാണ് നാട്ടിൽ നൽകാൻ ഏൽപ്പിച്ച 12 പവനുമായി സനൂബ് പുറപ്പെട്ടത്.
നെടുമ്പാശ്ശേരി എയർപോർട്ടിൽ കസ്റ്റംസ് പരിശോധനയിലാണ് സ്വർണം പിടികൂടിയത്. നാട്ടിലെത്തിയ സനൂബിനെ വിവരമറിഞ്ഞെത്തിയ മൂന്നുപേർ നെടുമ്പാശ്ശേരിയിൽ കൊണ്ടുപോയി ഡ്യൂട്ടിയടപ്പിച്ച് സ്വർണം വാങ്ങുകയും ചെയ്തു. തിരിച്ചുവരുന്നതിനിടയിൽ വാടാനപ്പള്ളി ബീച്ചിൽ കൊണ്ടുപോയി അവിടെനിന്നുള്ള രണ്ടു പേർക്കൊപ്പം മർദിച്ചു. അതിനുശേഷം ഗുരുവായൂരിലെ അപ്പാർട്ട്മെൻറിൽ പൂട്ടിയിട്ടും ക്രൂരമായി മർദിച്ചെന്നും സനൂബിന്റെ ബന്ധുക്കൾ പറഞ്ഞു.
വെള്ളിയാഴ്ച പൂട്ടിയിട്ട യുവാവിനെ ഞായറാഴ്ച വരെ മുറിയിൽ പൂട്ടിയിട്ടായിരുന്നു മർദനം. ഇടക്ക് കിട്ടിയ സാഹചര്യത്തിൽ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ട സനൂബ് ചാവക്കാട് രാജാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിച്ച ശേഷമാണ് സംഭവം വീട്ടുകാരെ വിളിച്ചു പറഞ്ഞത്.
ഗുരുവായൂരിലെ അപ്പാർട്ട്മെൻറിൽ കൂടുതൽ സ്വർണം കൊണ്ടുവന്നുവെന്ന് സമ്മതിപ്പിച്ച് വിഡിയോ ചിത്രീകരിച്ചതായും സനൂബിന്റെ ബന്ധുക്കൾ പറഞ്ഞു. തിങ്കളാഴ്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി കൊടുക്കുമെന്നും അവർ അറിയിച്ചു