ബംഗലൂരു: കര്‍ണാടകയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധിച്ചവരുടെ എണ്ണം രണ്ടായി. എട്ടു മാസം പ്രായമുള്ള ആണ്‍കുട്ടി, മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് എന്നിവരിലാണ് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു.
ബ്രോങ്കോന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്നാണ് രണ്ടു കുട്ടികളെയും ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചത്. ബംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
ബ്രോങ്കോന്യൂമോണിയ പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് നടത്തിയ തുടര്‍പരിശോധനയിലാണ് എട്ടു മാസം പ്രായമുള്ള കുട്ടിയിലും എച്ച്എംപിവി സ്ഥിരീകരിക്കുന്നത്. ജനുവരി മൂന്നിനാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുട്ടി ചികിത്സയില്‍ തുടരുകയാണ്. രണ്ടു കുട്ടികള്‍ക്കും വിദേശ യാത്രാ പശ്ചാത്തലമില്ലെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.
രണ്ട് എച്ച്എംപിവി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗബാധ ട്രാക്ക് ചെയ്യുന്ന നടപടി ഊര്‍ജിതമാക്കാന്‍ ഐസിഎംആറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങളോ, ഗുരുതര ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ എണ്ണത്തിലോ രാജ്യത്ത് അസാധാരണമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തി.
ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) രോഗബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ, വൈറസിൻ്റെ വ്യാപനം തടയാൻ മാർഗ്ഗനിർദ്ദേശങ്ങൾ കർണാടക ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കുക, ശ്വസന ശുചിത്വം പാലിക്കുക, സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് പതിവായി കൈകഴുകുക. അസുഖമുള്ളവരിൽ നിന്ന് അകലം പാലിക്കുക, ടിഷ്യൂകൾ വീണ്ടും ഉപയോഗിക്കാതിരിക്കുക, ടവ്വലുകൾ, ലിനൻ എന്നിവ പോലുള്ള വ്യക്തിഗത വസ്തുക്കൾ പങ്കിടുന്നത് ഒഴിവാക്കുക, സ്വയം ചികിത്സ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് പൊതുജനങ്ങൾക്ക് നൽകിയിട്ടുള്ളത്