തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ മിമിക്രി, മോണോ ആക്ട്, മൂകാഭിനയം അടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് വേദികളിൽ എത്തിയത്. പ്രവൃത്തി ദിനമായിട്ടും കാണികളുടെ മികച്ച പങ്കാളിത്തമുണ്ടായിരുന്നു എല്ലായിടത്തും. മാപ്പിളപ്പാട്ട് വേദിയിൽ വിധി നിർണ്ണയത്തിനെതിരെ പ്രതിഷേധമുണ്ടായി. പോയിൻറ് നിലയിൽ കണ്ണൂരും കോഴിക്കോടും തൃശൂരും തമ്മിൽ കടുത്ത മത്സരമാണ്. കലോത്സവത്തിലെ സൂപ്പർ ഹിറ്റ് മത്സരങ്ങൾ കാണാൻ രാവിലെ മുതൽ കാണികളുടെ ഒഴുക്കായിരുന്നു.
വേദി 13 ചാലക്കുടി പുഴയിലെ മാപ്പിളപ്പാട്ട് വേദിയിൽ വിധി നിര്‍ണ്ണയത്തെ ചൊല്ലി ചെറിയ രീതിയിൽ വാക്കു തര്‍ക്കമുണ്ടായി. മൂകാഭിനയ വേദിയിൽ നിറഞ്ഞു നിന്നത് വയനാടിന്‍റെ ദുഖവും അതിജീവനവും ആയിരുന്നു. ഹൈസ്ക്കൂൾ വിഭാഗം ആണകുട്ടികളുടെ നാടോടി നൃത്തം. ഹൈസ്ക്കൂൾ വിഭാഗം തിരുവാതിരക്കളി, ഹൈസ്ക്കൂൾ വിഭാഗത്തിൻറെ ദഫ് മുട്ട്, ചവിട്ടുനാടകം, ഹയർസെക്കണ്ടറി വട്ടപ്പാട്ട് അടക്കം ഗ്ലാമർ ഇനങ്ങൾ ഒരുപാടുണ്ടായിരുന്നു മൂന്നാം ദിനം. മൂന്നാം ദിനത്തിൽ പുത്തിരിക്കണ്ടത്തെ പാചകപ്പുരയിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തി. പഴയിടം തയ്യാറാക്കിയ പായസം കഴിച്ച് മടങ്ങി. ലോത്സവം അവസാന ലാപ്പിലേക്ക് കടക്കുന്നതോടെ കപ്പിനുവേണ്ടിയുള്ള പോരാട്ടവും കടുക്കുകയാണ്