തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ നാലാംദിനം മത്സരങ്ങൾ പുരോഗമിക്കുമ്പോൾ പോയിന്‍റ് പട്ടികയിൽ കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം. 776 പോയിന്‍റുമായാണ് ഇരു ജില്ലകളും മുന്നിട്ടുനിൽക്കുന്നത്. 774 പോയിന്‍റുമായി കോഴിക്കോട് തൊട്ടുപിന്നാലെയുണ്ട്. ആകെയുള്ള 249 മത്സരയിനങ്ങളിൽ 198 എണ്ണം പൂർത്തിയായി. ഇന്ന് 60 ഇനങ്ങളിലാണ് മത്സരം നടന്നുകൊണ്ടിരിക്കുന്നത്.
ഏറ്റവും കൂടുതൽ പോയിൻറ് നേടിയ സ്കൂളുകളുടെ പട്ടികയിൽ 128 പോയിന്റുമായി പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂളാണ് മുന്നിൽ. 98 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതും, 91 പോയിന്‍റുമായി വയനാട് മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് മൂന്നാമതുമുണ്ട്.
ഇന്ന് ഒന്നാം വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി നിളയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യം, സംഘനൃത്തം എന്നിവയാണ് നടക്കുന്നത്. രണ്ടാം വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ കുച്ചുപ്പുടി, കോൽക്കളി എന്നിവയാണ്. ടാഗോർ തിയേറ്ററിലെ മൂന്നാം വേദിയിൽ ഹൈസ്കൂൾ വിഭാഗം നാടകം തുടരുകയാണ്. പാളയം സെൻറ് ജോസഫ് എച്ച്.എസ്.എസിലെ ആറാം വേദിയിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മിമിക്രി നടക്കുന്നു.
തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് സംസ്ഥാന സ്കൂൾ കലോത്സവം പുരോഗമിക്കുന്നത്. 15,000ത്തോളം വിദ്യാർഥികളാണ് കലാമത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്നത്. അഞ്ചു ദിവസം നീളുന്ന കലോത്സവം ബുധനാഴ്ച സമാപിക്കും.