ബീജിങ്: തിബത്തിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ഭൂകമ്പത്തിൽ 126 പേർ മരിച്ചു. 130 പേർക്ക് പരിക്കേറ്റു. ചൈനീസ് അധീന പ്രദേശവും തിബത്തിലെ ഏറ്റവും പുണ്യനഗരങ്ങളിലൊന്നുമായ സിഗാസെയിലെ (ഷിഗാസ്റ്റെ) ഡിംഗ്രി കൗണ്ടിയിലാണ് മാപിനിയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.
ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന പ്രദേശമാണിത്. യു.എസ് ജിയോളിക്കൽ സർവിസിന്റെ കണക്ക് പ്രകാരം തീവ്രത 7.1 ആണ്. ഭൂകമ്പത്തിന്റെ പ്രകമ്പനത്തിൽ നേപ്പാളിന്റെ വിവിധ പ്രദേശങ്ങൾമുതൽ ബിഹാർ അതിർത്തിവരെ കുലുങ്ങി. സമഗ്രമായ രക്ഷാപ്രവർത്തനം നടത്താൻ ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ് ഉത്തരവിട്ടു.
പരിക്കേറ്റവരുടെ ചികിത്സയും ജനങ്ങളെ മാറ്റിപ്പാർപ്പിക്കലും ഉറപ്പുവരുത്തണമെന്നും പ്രസിഡന്റ് നിർദേശിച്ചു. ടെന്റുകൾ, വസ്ത്രങ്ങൾ, പുതപ്പുകൾ, കിടക്കകൾ എന്നിവയുൾപ്പെടെ 22,000 ദുരന്തനിവാരണ വസ്തുക്കളും പ്രത്യേക ദുരിതാശ്വാസ സാമഗ്രികളും സർക്കാർ അയച്ചിട്ടുണ്ട്.
1500ലധികം അഗ്നിശമന സേനാംഗങ്ങളെയും രക്ഷാപ്രവർത്തകരെയും നുരന്തബാധിത പ്രദേശങ്ങളിൽ വിന്യസിച്ചു. തിബത്തൻ ബുദ്ധമതത്തിലെ പ്രധാന വ്യക്തിയായ പഞ്ചൻ ലാമയുടെ ആസ്ഥാന കേന്ദ്രമാണ് സിഗാസെ. 20 കിലോമീറ്റർ ചുറ്റളവിൽ ഏകദേശം 6900 പേർ താമസിക്കുന്ന ഡിംഗ്രി കൗണ്ടിയിലെ സോഗോയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം