കൊച്ചി: നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ. എറണാകുളം സെൻട്രൽ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ എസ്റ്റേറ്റിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നിലവിൽ പുത്തൂർവയൽ എആർ ക്യാമ്പിലാണ് ബോബി. ഉച്ചയോടെ കലൂർ സ്റ്റേഷനിലെത്തിക്കും.
ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. എറണാകുളം സെൻട്രൽ എസ്എച്ച്ഒക്കാണ് അന്വേഷണച്ചുമതല. പരാതിയിൽ ഇന്നലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഐടി വകുപ്പുകൾ പ്രകാരമുളള കുറ്റങ്ങളും ചേർത്തിരുന്നു. മൊഴി എടുത്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുളള നടപടികളിലേക്ക് പോകാനാണ് പൊലീസിന്റെ തീരുമാനം.
ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിൽ സന്തോഷമുണ്ടെന്ന് ഹണി റോസ് പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഉടനടി നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായും അവർ കൂട്ടിച്ചേർത്തു.
ബോബി ചെമ്മണ്ണൂരിന്റെ അശ്ലീല പരാമർശത്തിന് പിന്നാലെ പലരും സമാനമായരീതിയിൽ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്നും ഹണി റോസിന്റെ പരാതിയിലുണ്ട്. നടിയെ പിന്തുണച്ച് വിമൻ ഇൻ സിനിമ കലക്ടീവ് രംഗത്തെത്തി. അവൾക്കൊപ്പമെന്ന് പറഞ്ഞുകൊണ്ട് ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു.