കൊച്ചി: ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണൂരിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി. ബോബിയുമായി പൊലീസ് കൊച്ചിയിലേക്ക് പുറപ്പെട്ടു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് എത്തിക്കുക. കേസില്‍ ഹണി റോസിന്റെ മൊഴി ഇന്നുതന്നെ രേഖപെടുത്തും. ഹണി റോസ് നല്‍കിയ പരാതിയില്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും ബോബി ചെമ്മണൂരിനെ നിരീക്ഷിച്ച് വരികയായിരുന്നെന്നും ഡിസിപി പറഞ്ഞു. ബോബിക്കെതിരെ മറ്റ് പരാതികള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കൊച്ചിയില്‍ എത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യുമെന്നും ഡിസിപി അശ്വതി ജിജി പറഞ്ഞു.
ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. അയാള്‍ക്കെതിരെ ആവശ്യമായ തെളിവുകള്‍ പരാതിയില്‍ ഉണ്ട്. ഇത്തരത്തില്‍ മെസേജ് അയക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇതെന്ന് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.
പുലര്‍ച്ചെ നാലു മണി മുതല്‍ പൊലീസ് കാത്തുനിന്നു; ബോബി ചെമ്മണൂരിനെ പിടികൂടിയത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍
വയനാട്ടിലെ ആയിരം ഏക്കര്‍ എസ്റ്റേറ്റില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുത്തൂര്‍വയല്‍ എ ആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലിന് ശേഷം ബോബി ചെമ്മണ്ണൂരുമായി പൊലീസ് സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു. വൈകിട്ടോടെ കലൂര്‍ സ്റ്റേഷനിലെത്തിക്കും. വയനാട് പൊലീസിനെ അറിയിക്കാതെയായിരുന്നു കൊച്ചി പൊലീസിന്റെ ഓപ്പറേഷന്‍.
ഇന്ന് പുലര്‍ച്ചെയാണ് എറണാകുളം പൊലീസ് വയനാട്ടില്‍ എത്തിയത്. രാവിലെ ഏഴരയോടെ റിസോര്‍ട്ടില്‍ എത്തിയ സംഘം ഒന്‍പതു മണിക്ക് ബോബിയെ കസ്റ്റഡിയില്‍ എടുത്തു. എആര്‍ ക്യാംപിലേക്കു കൊണ്ടുവരുന്നതിനിടെയാണു വിവരം പുറത്തറിഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും ബോബിയെ എആര്‍ ക്യാംപില്‍ എത്തിച്ചിരുന്നു. കൊച്ചിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ബോബി കൈ ഉയര്‍ത്തിക്കാണിച്ചു. വയനാട്ടില്‍നിന്ന് റോഡു മാര്‍ഗം കൊച്ചിയിലെത്താന്‍ ആറ് മണിക്കൂറെങ്കിലും എടുക്കും. വൈകിട്ട് ആറുമണിയോടെ ബോബിയെ കൊച്ചിയിലെത്തിക്കുമെന്നാണു വിവരം. മേപ്പാടിയിലെ പൊലീസ് ഉദ്യോഗസ്ഥരും എറണാകുളം പൊലീസിനൊപ്പമുണ്ട്.