മാനന്തവാടി: മയക്കുമരുന്നായ മെത്താഫിറ്റമിന്‍ കടത്തിയ കേസില്‍ 24 വയസുള്ള യുവാവിന് ഒരു വര്‍ഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഓഫീസിൽ നാല് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ മലപ്പുറം തിരൂരങ്ങാടി കച്ചേരിപ്പടി കണ്ണാട്ടിപ്പടി അവുഞ്ഞിക്കാടന്‍ ഷിബിന്‍ (24) എന്നയാളെയാണ് കല്‍പ്പറ്റ അഡ്‌ഹോക്ക്-രണ്ട് കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്.
ഒരു വർഷം തടവിന് പുറമെ പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി ഇയാള്‍ അധികമായി തടവുശിക്ഷ അനുഭവിക്കണം. 2021 ഫ്രബ്രുവരി പതിനെട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്നത്തെ മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി. ഷറഫുദ്ദീനും സംഘവുമാണ് ഷിബിനെ മെത്താഫിറ്റമിനുമായി പിടികൂടിയത്. എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.ജി. രാധാകൃഷ്ണന്‍ ആയിരുന്നു കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയിൽ കുറ്റപ്പത്രം സമര്‍പ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി ഇ.വി. ലിജീഷ്, എം.ജി. ശ്രദ്ധാധരന്‍ എന്നിവര്‍ കോടതിയിൽ ഹാജരായി.