കോഴിക്കോട് : ബേപ്പൂർ ബി.സി. റോഡ് ജങ്ഷനുസമീപം റോഡരികിൽ ഉപേക്ഷിച്ചനിലയിലുള്ള വൈദ്യുതി ബോർഡിന്റെ ഇലക്ട്രിക് പോസ്റ്റുകൾ അടിയന്തരമായി നീക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
കല്ലായി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 28-ന് കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
നൂറിലധികം വൈദ്യുതപോസ്റ്റുകളാണ് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. ചില പോസ്റ്റുകളിലെ കോൺക്രീറ്റ് തകർന്ന് ഇരുമ്പുകമ്പികൾ റോഡിലേക്ക് തള്ളിനിൽക്കുന്നുണ്ട്. ബേപ്പൂർ ഹൈസ്കൂളിലേക്കും എൽ.പി. സ്കൂളിലേക്കുമുള്ള വിദ്യാർഥികളടക്കം ഒട്ടേറെ യാത്രക്കാർ നടന്നുപോകുന്ന റോഡിലാണ് അപകടം പതിയിരിക്കുന്നത്. വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.