കൊല്ലം: വെർച്വൽ അറസ്റ്റിലൂടെ പണം തട്ടാനുള്ള ശ്രമം കൈയ്യോടെ പൊളിച്ച് കൊല്ലത്തെ അഭിഭാഷക. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള സംഘമെന്ന വ്യാജേനയാണ് മയ്യനാട് സ്വദേശി ഷറഫനിസ ബീഗത്തെ തട്ടിപ്പ് സംഘം സമീപിച്ചത്. തട്ടിപ്പ് ബോധ്യപ്പെട്ട അഭിഭാഷക പൊലീസിനെ ബന്ധപ്പെട്ടെന്ന് മനസിലാക്കിയതോടെ സംഘം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
പണം തട്ടിപ്പിന്റെ പുതിയ രീതിയാണ് വെർച്വൽ അറസ്റ്റ്. പേരില്ലാതെ നമ്പറിൽ നിന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ കോളെത്തിയത്. റിക്കോർഡഡ് കോളായിരുന്നു. നിങ്ങളുടെ ഫോൺ രണ്ട് മണിക്കൂറിനുള്ളിൽ ഡിസ് കണക്ട് ആവുമെന്നായിരുന്നു റെക്കോർഡഡ് സന്ദേശം വിശദമാക്കിയത്. കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ 9 അമർത്താനും സന്ദേശം ആവശ്യപ്പെട്ടു. എന്താണ് സംഭവമെന്ന് മനസിലാകാതെ വന്നതോടെ അഭിഭാഷക 9 അമർത്തുകയായിരുന്നു.
പിന്നീട് സംസാരിച്ചവർ പരിചയപ്പെടുത്തിയത് ട്രായിൽ നിന്നാണ് എന്നായിരുന്നു. അഭിഭാഷകയുടെ ആധാർ കാർഡ് ഉപയോഗിച്ച് മുബൈയിൽ ഡിസംബർ 10 ന് ഒരു സിം എടുക്കുകയും ആ നമ്പർ ഉപയോഗിച്ച് പലരോട് പണം ആവശ്യപ്പെടുകയും നിരവധി പേർക്ക് അശ്ലീല സംഭാഷണം നടത്തുകയും ചെയ്തുവെന്നും ഉവർ വിശദമാക്കി. സൈബർ സെല്ലിലൂടെ ഇതാരാണ് എന്ന് കണ്ടെത്തിക്കൂടേയെന്ന അഭിഭാഷകയുടെ മറുചോദ്യത്തിൽ തട്ടിപ്പുകാർ പതറിയെങ്കിലും അഭിഭാഷക മുംബൈയിലെ ചിരഗ്നഗർ പൊലീസ് സ്റ്റേഷനിലെത്തണമെന്നായി തട്ടിപ്പുകാരുടെ ആവശ്യം.
17 പേർ പരാതി നൽകിയതിൽ ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തതായും എഫ്ഐആർ നമ്പർ നൽകുകയും ചെയ്തു. പൊലീസ് സ്റ്റേഷനിലെത്തി നിങ്ങളുടെ ഭാഗം വിശദമാക്കാനാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. ഇപ്പോൾ വരാനാവില്ലെന്നും പിന്നെ വിളിക്കാനും പറഞ്ഞ് അഭിഭാഷക കോൾ കട്ട് ചെയ്തു. തൊട്ട് പിന്നാലെ അഭിഭാഷക സൈബർ സെല്ലുമായി വിവരം കാണിച്ച് ബന്ധപ്പെട്ടതോടെയാണ് സംഭവം തട്ടിപ്പാണെന്ന് സ്ഥിരീകരിക്കുന്നത്. എന്നാലിത് മനസിലാക്കാത്ത തട്ടിപ്പ് സംഘം വീണ്ടും വിളിച്ചു. ട്രായിൽ നിന്നാണ് എന്ന് വിശദമാക്കി പൊലീസ് സ്റ്റേഷനിലേക്ക് കണക്ട് ചെയ്യുകയാണെന്നും വിശദമാക്കി. പൊലീസ് സ്റ്റേഷനിൽ വന്നേ പറ്റൂവെന്ന് വിശദമാക്കി തട്ടിപ്പുകാർ വെർച്വൽ അറസ്റ്റ് രീതിയിലേക്ക് എത്തിയതോടെ അഭിഭാഷകയും കോൾ റെക്കോർഡ് ചെയ്യാൻ തുടങ്ങി. റെക്കോർഡ് ചെയ്യുന്നത് വ്യക്തമായതോടെ തട്ടിപ്പ് സംഘം കോൾ കട്ട് ചെയ്ത് മുങ്ങുകയായിരുന്നു