കോഴിക്കോട്: മരുന്നുകൾ വിതരണം ചെയ്ത വകയിലെ കുടിശ്ശിക അടയ്ക്കാൻ നടപടിയില്ല, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് മുതൽ ഹൃദയചികിത്സ ഉൾപ്പെടെയുള്ളവ മുടങ്ങും. വിതരണം ചെയ്തതിലെ കുടിശ്ശിക തരാതെ മരുന്ന് വിതരണം ചെയ്യില്ലെന്ന് കമ്പനികൾ തീർത്തു പറഞ്ഞ സാഹചര്യത്തിലാണിത്. രോഗികൾക്ക് അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട മരുന്നുകളുടെയും സർജിക്കൽ ഉപകരണങ്ങളുടെയും വിതരണമാണ് നിർത്തുന്നത്.
ജീവൻ രക്ഷാമരുന്നുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഫ്ളൂയിഡുകൾ തുടങ്ങിയവ വിതരണം ചെയ്ത വകയിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെ 90 കോടിയിലധികം രൂപയാണ് മെഡിക്കൽ കോളേജ് വിതരണക്കാർക്ക് നൽകാനുള്ളത്. 2024 മാർച്ച് വരെയുള്ള കുടിശ്ശികയാണ് ഇതുവരെ നൽകിയിട്ടുള്ളത്. വിഷയം ചൂണ്ടിക്കാട്ടി പത്ത് മുതൽ മരുന്ന് വിതരണം നിർത്തുമെന്ന് ഓൾ കേരളാ കെമി്ര്രസ്സ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ വിതരണക്കാരുമായി ചർച്ച നടത്തുകയോ തുടർ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് വിതരണം നിറുത്തുന്നത്. വിഷയം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് മെഡി.കേളേജ് പ്രിൻസിപ്പലും ജില്ലാ കലക്ടറും അറിയിച്ചിട്ടുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട അവ്യക്തതയും അനിശ്ചിതത്വും തുടരുകയാണ്. മരുന്ന് വിതരണം നിലച്ചാൽ കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് വഴിയുള്ള ഹൃദയ ശസ്ത്രക്രിയകൾ അടക്കം പൂർണമായി നിലക്കും. ശസ്ത്രക്രിയാ ഉപകരണങ്ങൾ സ്റ്റോക്കില്ലാതായാൽ രോഗികൾക്ക് വൻ തുക കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ട സ്ഥിതിയുമാകും. മരുന്നുകൾ വിതരണം ചെയ്ത് മൂന്നു മാസത്തിനകം കുടിശ്ശിക നൽകുമെന്നാണ് വിതരണക്കാരും ആശുപത്രി വികസന സമിതിയും തമ്മിലുള്ള കരാർ. എന്നാൽ, ഒമ്പതു മാസത്തിലധികമായി പണം കുടിശ്ശികയാണ്.കമ്പനികൾക്ക് മരുന്നിന് പണം നൽകാൻ കഴിയാത്ത അവസ്ഥയിലാണ് ചെറുകിട വിതരണക്കാരും. ഇക്കഴിഞ്ഞ മാർച്ചിൽ കുടിശ്ശികയെത്തുടർന്ന് കമ്പനികൾ മരുന്ന്, ഉപകരണ വിതരണം നിർത്തിവെച്ചത് മെഡിക്കൽ കോളജിൽ മരുന്ന് ക്ഷാമത്തിനും സർജറികൾ മുടങ്ങാനും ഇടയാക്കിയിരുന്നു