സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. 200 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 58,280 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും.ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
അതേസമയം സ്വർണവും വിലയേറിയ രത്നങ്ങളും ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ഇ-വേ ബിൽ തയാറാക്കുന്നതിന് ഓൺലൈൻ പോർട്ടലിൽ സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നതിലാണ് ഇതുസംബന്ധിച്ച വിജ്ഞാപനം മരവിപ്പിച്ച് ജി.എസ്.ടി കമീഷണർ ഉത്തരവ് പുറപ്പെടുവിച്ചത്.
വ്യാപാരാവശ്യങ്ങൾക്കായി പത്തുലക്ഷം രൂപക്ക് മുകളിൽ വിലയുള്ള സ്വർണം കൊണ്ടുപോകുന്നതിനാണ് ജനുവരി ഒന്ന് മുതൽ ഇ-വേ ബിൽ നിർബന്ധമാക്കിയത്. തീരുമാനത്തിനെതിരെ തുടക്കംമുതൽ വിമർശനം ഉയർന്നിരുന്നു.
സ്വകാര്യ വ്യക്തികൾക്ക് നിലവിലെ വിലയനുസരിച്ച് 35 ലക്ഷം രൂപയിലധികം വിലവരുന്ന 500 ഗ്രാം സ്വർണം കൈവശം വെക്കാമെന്നിരിക്കെ പത്തുലക്ഷം രൂപയിലധികം വിലയുള്ള സ്വർണത്തിന് വ്യാപാരികൾക്ക് ഇ-വേ ബിൽ ഏർപ്പെടുത്തുന്നത് കള്ളക്കടത്തിന് കാരണമാകുമെന്നതായിരുന്നു പ്രധാന വിമർശനം.
പത്തുലക്ഷം പരിധി ഒഴിവാക്കി 500 ഗ്രാം സ്വർണത്തിന് മുകളിൽ എന്നാക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ആവശ്യപ്പെട്ടിരുന്നു.