മലപ്പുറം :തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. തിരൂർ ഏഴൂർ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണൻ കുട്ടി (54) ആണ് മരിച്ചത്. കോട്ടക്കലിൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ആന തുമ്പിക്കൈകൊണ്ട് തൂക്കി എറിയുകയായിരുന്നു. ഭയന്നോടിയ 27 പേർക്കാണ് അന്ന് പരുക്കേറ്റത്. മുക്കാൽ മണിക്കൂറിന് ശേഷം ആനയെ തളക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി ഒരു മണിക്ക് ആണ് സംഭവം. 1:45 ഓടെയാണ് ആനയെ തളച്ചത്.
രണ്ട് പേർക്കാണ് ഗുരുതരമായി പരുക്കേറ്റത്. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്.
ആന ഇടഞ്ഞത് കണ്ട് ഓടിയതിനിടെയാണ് 27 ഓളം പേർക്ക് പരുക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷം മടങ്ങി. നാല് ദിവസമായാണ് ആണ്ട് നേർച്ച നടക്കുന്നത്. നിയമങ്ങൾക്കനുസൃതമായാണ് ആനയെ പരിപാടിയിൽ പങ്കെടുപ്പിച്ചത്. എട്ടോളം ആനകളെയാണ് പരിപാടിയിൽ പങ്കെടുത്തത്. ആനയെ തളച്ചതോടെ വലിയ അപകടം ഒഴിവായി.