കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി ബാലുശ്ശേരി എരമംഗലം കോക്കല്ലൂർ മുഹമ്മദ് ആട്ടൂരിനെ (മാമി -56) നഗരത്തിൽനിന്ന് കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ അപ്രത്യക്ഷരായ മാമിയുടെ ഡ്രൈവർ രജിത്കുമാറിനെയും ഭാര്യ തുഷാരയെയും ഗുരുവായൂരിൽ കണ്ടെത്തി.
ദീർഘകാലം മാമിയുടെ ഡ്രൈവറായിരുന്ന രജിത്കുമാറിനെയും ഭാര്യ സുഷാരയെയും വ്യാഴാഴ്ചയാണ് കാണാതായത്. വ്യാഴാഴ്ച രാത്രി തുഷാരയുടെ സഹോദരൻ സുമൽജിത് നടക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപത്തെ ലോഡ്ജിൽ താമസിക്കുകയായിരുന്ന ഇരുവരും വ്യാഴാഴ്ച ലോഡ്ജിൽ നിന്നും പോയെന്നും പിന്നീട് വിവരമില്ലെന്നുമയിരുന്നു പരാതി.
ഇരുവരും ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറുന്ന സി.സി.ടി.വി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഗുരുവായൂരിലെ ലോഡ്ജിൽനിന്ന് ഇവരെ കണ്ടെത്തുന്നത്. മനസ്സമാധാനമില്ലാത്തതിനാൽ നാടുവിട്ടതാണെന്ന് രജിത്കുമാർ പൊലീസിനോട് പറഞ്ഞു. നടക്കാവ് പൊലീസിന്‍റെ അനാസ്ഥയാണ് മാമി കേസിന് തുമ്പില്ലാതാക്കിയതെന്നും അന്വേഷണം ശക്തമായി മുന്നോട്ട് പോകണമെന്നും രജിത്കുമാർ ഗുരുവായൂരിൽനിന്ന് മാമി ആക്ഷൻ കമ്മിറ്റി ഗ്രൂപിൽ ശബ്ദ സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്.