കോഴിക്കോട്: ജില്ലയിലെ പെട്രോൾ പമ്പുകൾ ഇന്നലെ വൈകിട്ട് നാല് മണി മുതൽ ആറ് മണി വരെ അടഞ്ഞതോടെ വാഹനങ്ങളുമായി നിരത്തിലിറങ്ങിയ നിരവധി പേർ കുടുങ്ങി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്.പി.സി.എൽ) പ്ലാന്റിലെ ലോറി ഡ്രൈവർമാർക്കും പമ്പുടമകൾക്കുമിടയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി ഇന്നലെ രാവിലെ എലത്തൂരിലെ എച്ച്.പി.സി.എൽ പ്ലാന്റിൽ നടന്ന ചർച്ച കൈയേറ്റത്തിൽ കലാശിച്ചതോടെയാണ് പെട്രോളിയം ഡീലേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി രണ്ട് മണിക്കൂർ പമ്പുകൾ അടച്ച് പ്രതിഷേധിച്ചത്. പ്ലാന്റിൽ നിന്ന് പമ്പുകളിലേക്ക് പെട്രോൾ എത്തിക്കുന്നവർക്ക് ടിപ്പായി നൽകിയിരുന്ന തുക കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് പെട്രോളിയം ഡീലേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലിബിനേഷ് പറഞ്ഞു.
ചർച്ചക്കെത്തിയ പെട്രോളിയം ഡീലേർസ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷമീമിന് സംഘർഷത്തിൽ പരിക്കേറ്റ് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ പെട്രോൾ ഡീലേർസ് അസോസിയേഷൻ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. കോഴിക്കോട് ജില്ലയിലെ പമ്പുകളിലേക്ക് ആവശ്യമായ പെട്രോളും ഡീസലും എത്തിച്ചിരുന്നത് എലത്തൂരിലെ എച്ച്.പി.സി.എൽ പ്ലാന്റിൽ നിന്നായിരുന്നു. ഇന്ധന ചോർച്ചയെത്തുടർന്ന് പ്ലാന്റ് താത്കാലികമായി അടച്ചതിനാൽ ജില്ലയിലെ പമ്പുകളിലേക്ക് ഇന്ധനം എത്തിക്കുന്നത് ഏറണാകുളം ഇരുമ്പനത്തെ പ്ലാന്റിൽ നിന്നാണ്. ഇവിടെ നിന്ന് പെട്രോൾ എത്തിക്കാൻ തുടങ്ങിയതിന് ശേഷം എച്ച്.പി.സി.എല്ലിലെ ലോറി ഡ്രൈവർമാർക്ക് പമ്പുടമകൾ ടിപ്പായി നൽകിയിരുന്ന തുക കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്ത പമ്പുകളിലേക്ക്, ഇന്ധനമെത്തിക്കാൻ എച്ച്.പി.സി.എല്ലിലെ ലോറി ഡ്രൈവർമാർ വിസമ്മതിച്ചതും പമ്പുടമകളെ സ്വന്തം നിലയിൽ ഇന്ധനമെടുക്കാൻ അനുവദിക്കാത്തതുമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ലോറി ഡ്രെെവർമാർക്ക് ടിപ്പ് നൽകുന്നത് നിർത്തുമെന്നാണ് പമ്പുടമകൾ പറഞ്ഞത്. സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് പെട്രോൾ ഡീലേർസ് അസോസിയേഷൻ അറിയിച്ചു.