കണ്ണൂര്‍:കണ്ണവം ഉന്നതിയില്‍ നിന്ന് കാണാതായ യുവതിക്കായി ഇന്ന് നാട്ടുകാരും വിവിധ സന്നദ്ധസംഘടനകളും വനത്തില്‍ തിരച്ചില്‍ നടത്തും. 10 ദിവസം തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയിട്ടും യാതൊരു തുമ്പും ലഭിക്കാത്തതിനാല്‍ ആശങ്കയിലാണ് നാട്ടുകാര്‍.
കണ്ണവം പോലീസ്, ഡോഗ് സ്‌ക്വാഡ്, വനംവകുപ്പ്, ഡ്രോണ്‍ ക്യാമറ, തണ്ടര്‍ബോള്‍ട്ട് സേന, നാട്ടുകാര്‍ തുടങ്ങിയവര്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിട്ടും ഇതുവരെ ഒരുവിവരവും ലഭിച്ചില്ല.
വന്യമൃഗ സാന്നിധ്യമുണ്ടാകുമെന്നതിനാല്‍ ഉള്‍വനങ്ങളില്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തണ്ടര്‍ബോള്‍ട്ട് സേന തിരച്ചില്‍ നടത്തുന്നുണ്ട്. കണ്ണവം വനത്തോടു ചേര്‍ന്നുള്ള പന്ന്യോട്, നരിക്കോട്ടുമല, കോളയാട് ചങ്ങല ഗേറ്റ് ഭാഗം, എടയാര്‍ എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. പന്ന്യോട് ഭാഗത്ത് ഒരു സ്ത്രീ നടന്നുപോകുന്നത് കണ്ടതായി നാട്ടുകാരില്‍ ഒരാള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് പന്ന്യോട് ഭാഗത്ത് തിരച്ചില്‍ നടത്തിയത്.
കണ്ണവം ഇന്‍സ്‌പെക്ടര്‍ കെ.വി.ഉമേഷിന്റെ നേതൃത്വത്തില്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീം, വനംവകുപ്പ് ഉള്‍പ്പെടെ 30 പേരോളം ദിവസേന തിരച്ചില്‍ നടത്തി. കഴിഞ്ഞദിവസം പാട്യം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെങ്ങളത്ത് ചേര്‍ന്ന നാട്ടുകാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ ആധുനിക സൗകര്യത്തോടെ തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതിനെത്തുടര്‍ന്നാണ് തണ്ടര്‍ ബോള്‍ട്ട് സേന തിരച്ചിലിനായി എത്തിയത്. വന്യജീവിമേഖല ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ സാധാരണയായി ഇത്തരം സായുധ പോലീസ് സേനാംഗങ്ങളെയാണ് ഉള്‍വനങ്ങളിലെ തിരച്ചിലിനായി നിയോഗിക്കുന്നത്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളില്‍ പ്രത്യേക പരിശീലനം നേടിയ 12 തണ്ടര്‍ ബോള്‍ട്ട് അംഗങ്ങള്‍ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ഡ്രോണ്‍ ക്യാമറ ഉപയോഗത്തില്‍ പരിശീലനം നേടിയ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് വനമേഖലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി.
സിന്ധു വിറക് ശേഖരിച്ചുവെച്ച അറക്കല്‍ എന്ന സ്ഥലത്തുനിന്ന് പോലീസ് നായ മണംപിടിച്ച് ഇളമാങ്കല്‍ വഴി നാലുകിലോമീറ്ററോളം വനത്തിലേക്ക് സഞ്ചരിച്ച് പറമ്പുക്കാവിലെത്തിയിരുന്നു. ആ പ്രദേശം മുഴുവന്‍ പോലീസും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ഊര്‍ജിത തിരച്ചില്‍ നടത്തി.
സിന്ധുവിന്റെ വീട്ടില്‍നിന്ന് 15 കിലോമീറ്ററോളം ദൂരത്തുവരെ നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തി. ഒരുപ്രദേശവും ഒഴിവാക്കാതെ വനമേഖല മുഴുവന്‍ തിരച്ചില്‍ നടത്തിവരികയാണ് തണ്ടര്‍ ബോള്‍ട്ട്. കാണാതായ സിന്ധു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമായില്ല.
വനങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനു പുറമേ മറ്റ് പോലീസ് പരിധിയിലെ സ്ഥലങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, സി.സി.ടി.വി. ക്യാമറകള്‍, റെയില്‍വേ സ്റ്റേഷന്‍, അഗതി മന്ദിരങ്ങള്‍, റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങി ഒറ്റപ്പെട്ടവര്‍ എത്തിപ്പെടാന്‍ സാധ്യതയുള്ള മുഴുവന്‍ സ്ഥലങ്ങളിലും പോലീസ് അന്വേഷണം നടത്തി. കഴിഞ്ഞദിവസങ്ങളില്‍ തണ്ടര്‍ ബോള്‍ട്ട്, വനംവകുപ്പ്, ക്വിക്ക് റെസ്‌പോണ്‍സ് ടീം, നാട്ടുകാര്‍ തുടങ്ങി വലിയൊരു സംഘം വനമേഖല മുഴുവന്‍ തിരച്ചില്‍ നടത്തിയിട്ടുണ്ട്. തിരച്ചില്‍ ഇനിയും തുടരും. ഒറ്റക്ക് ജീവിച്ച് ശീലിച്ച വ്യക്തിയായതുകൊണ്ട് കാട്ടില്‍ ദൂരെ എവിടെയെങ്കിലും ഒറ്റയ്ക്ക് കഴിയുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.