കാസർഗോഡ്: പിസ്‌തയുടെ തൊലി തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം. കുമ്പള ഭാസ്‌കര നഗറിലെ അൻവറിന്റെയും മെഹറൂഫയുടെയും മകൻ അനസ് ആണ് മരിച്ചത്.
ശനിയാഴ്‌ച വൈകുന്നേരം വീട്ടിൽ വച്ചാണ് കുട്ടി പിസ്തയുടെ തൊലി എടുത്തു കഴിച്ചത്. തൊണ്ടയിൽ കുടുങ്ങിയതോടെ വീട്ടുകാർ കൈകൊണ്ട് ഒരു കഷണം വായിൽ നിന്ന് എടുത്തുമാറ്റി.
പിന്നീട് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ പിസ്‌തയുടെ തൊലിയുടെ ബാക്കി ഭാഗം തൊണ്ടയിൽ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ പ്രശ്‌നമില്ലെന്ന് കണ്ട് ഡോക്ടർ വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
ഞായറാഴ്‌ച പുലർച്ചെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ഒരാഴ്‌ച മുമ്പാണ് പിതാവ് അൻവർ ഗൾഫിലേക്ക് പോയത്. വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രാത്രി കുമ്പള ബദർ ജുമാമസ്‌ജിദ് അങ്കണത്തിലെ ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരി ആയിഷു.