കോഴിക്കോട്: സമരം ആരംഭിച്ച് പമ്പുകൾ. സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെ അടച്ചിടും.
കോഴിക്കോട് എലത്തൂര്‍ എച്ച് പി സി എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സിന്‍റെ തീരുമാനം.
ചൊവ്വാഴ്ച ഇരുമ്പനം എച്ച് പി സി എല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ സമരത്തിൽ നിന്നും ആറ് താലൂക്കുകളെ ഒഴിവാക്കിയിട്ടുണ്ട്. റാന്നി, കോന്നി, കോഴഞ്ചേരി, അടൂർ, ചെങ്ങന്നൂർ, എരുമേലി, താലൂക്കുകളെയാണ് ഒഴിവാക്കിയത്.
സമരത്തിൽ നിന്നും പത്തനംതിട്ട ജില്ലയെ ഒഴിവാക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആവശ്യപ്പെട്ടിരുന്നു. സമരം ശബരിമല തീർത്ഥാടകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
ചർച്ചയ്ക്ക് എത്തിയ പമ്പുടമയെ തൊഴിലാളികൾ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. പമ്പുകളിൽ ഇന്ധനവുമായി എത്തുന്ന ലോറി ഡ്രൈവർമാർക്ക് 'ചായ പൈസ' എന്ന പേരിൽ 300 രൂപ വരെ നൽകാറുണ്ട്.
ഈ തുകയിൽ വർദ്ധന വേണമെന്നായിരുന്നു ഡ്രൈവർമാരുടെ ആവശ്യം. ആവശ്യം ഡീലർമാർ അംഗീകരിച്ചില്ല. ഇക്കാര്യം ചർച്ച ചെയ്യാൻ കോഴിക്കോട് എലത്തൂരിൽ ചർച്ച നടന്നു. ഈ യോഗത്തിൽ വച്ച് ഡീലർമാരെ ഡ്രൈവർമാർ കയ്യേറ്റം ചെയ്തെന്നായിരുന്നു ആരോപണം.