കോഴിക്കോട്: ക്വാറി-ക്രഷർ ഉത്പന്ന വില കുത്തനെ കൂട്ടാനുള്ള ഉടമകളുടെ തിരുമാനത്തിൽ ആടിയുല ഞ്ഞ് നിർമാണമേഖല. ബോളർ, മെറ്റൽ, എം സാൻഡ് തുടങ്ങിയ ഉത്പന്നങ്ങൾക്ക് ഒരടിക്ക് അഞ്ചുമുതൽ എട്ട് രൂപവരെയാണ് വില വർധിപ്പിക്കുന്നത്. വില കൂട്ടിയത് പൊതുമരാമത്ത് പ്രവൃത്തികളെയും വീട്-കെട്ടിട നിർമാണങ്ങളെയും സാരമായി ബാധിക്കുമെന്ന് ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
സംസ്ഥാന വ്യാപകമായി വില വർദ്ധിപ്പിച്ചാൽ പ്രതിഷേധം ശക്തമാകുമെന്നതിനാൽ തന്ത്രപരമായി ഓരോ ജില്ലകൾ കേന്ദ്രീകരിച്ചാണ് വില കൂട്ടുന്നത്. ഇതോടെ മിക്കയിടങ്ങളിലും റോഡ്-പാലം ഉൾപ്പെടെയുള്ളവയുടെ നിർമാണം കരാറുകാർ നിർത്തിവെച്ചനിലയിലാണ്. വിലങ്ങാട് പുനരധിവാസം, ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണം, ദേശീയപാതയുടെ പ്രവൃത്തികൾ എന്നിവയെയും പ്രതികൂലമായി ബാധിക്കും. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നഷ്ടപ്പെട്ട സ്‌കൂളിന് പകരമായി മേപ്പാടി ഗവ. ഹൈസ്‌കൂളിൽ നാല് കോടി ചെലവാക്കി ബിൽഡേഴ്സ് അസോസിയേഷൻ ക്ലാസ് മുറികൾ നിർമിച്ചു കൊണ്ടിരിക്കുന്നതും പാതി വഴിയിലാണ്. 2018 ന് ശേഷം ക്വാറി, ക്രഷർ ഉൽപന്നങ്ങളുടെ വില മൂന്നു തവണ വർധിപ്പിച്ചു കഴിഞ്ഞു. പരിസ്ഥിതി അനുമതിയുമായി ബന്ധപ്പെട്ട് ചെറുകിട ക്വാറികൾ പൂട്ടിയതാണ് വൻകിട ക്വാറി, ക്രഷർ ഉടമകൾക്ക് കൃത്രിമക്ഷാമമുണ്ടാക്കി വില കൂട്ടാനുള്ള സാഹചര്യമൊരുക്കിയത്. നിലവിൽ നിർമ്മാണ സാമഗ്രികളുടെ ചെറിയ വില വർധനവ് പോലും പ്രതിസന്ധിക്ക് ആക്കം കൂട്ടും. 25 വർഷം മുമ്പ് പൊട്ടിച്ച പാറകൾക്ക് ജിയോളജി വകുപ്പ് ഇപ്പോൾ അമിതമായ പിഴ ചുമത്തുന്നതു കൊണ്ടാണ് വില വർധിപ്പിക്കുന്നതെന്നാണ് ക്വാറി ഉടമകളുടെ വാദം